ഇത് സേതുരാമയ്യരുടെ അഞ്ചാം വരവ്; ആകാംക്ഷയുണർത്തി സിബിഐ 5 ന്റെ ട്രെയ്‌ലർ

April 22, 2022

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5: ദി ബ്രെയിൻ. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വെള്ളിത്തിരയിൽ അനശ്വരമാക്കിയ സേതുരാമയ്യർ എന്ന കഥാപാത്രത്തെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നാലാം ഭാഗമിറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സിബിഐ സിനിമ സീരിസിലെ അടുത്ത ചിത്രം പുറത്തു വരാനിരിക്കുന്നത്.

ഇപ്പോൾ പ്രേക്ഷകർക്ക് ആവേശം പകർന്ന് കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്. പ്രേക്ഷകരെ തിയേറ്ററിൽ മുൾമുനയിൽ നിർത്തുന്ന കഥയായിരിക്കും സിബിഐ 5 ന്റേത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആകാംക്ഷയുണർത്തുന്ന കഥാസന്ദർഭങ്ങൾക്കൊപ്പം ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടാവുമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.

സേതുരാമയ്യർക്കൊപ്പം പഴയ ചിത്രങ്ങളിലെ പല കഥാപാത്രങ്ങളും വീണ്ടും ചിത്രത്തിലെത്തുന്നുണ്ട്. മുകേഷ്, സായി കുമാർ എന്നിവരൊക്കെ സിബിഐ പരമ്പരയിലെ അവരുടെ കഥാപാത്രങ്ങളുമായി വീണ്ടും ചിത്രത്തിലെത്തുന്നുണ്ട്.

എന്നാൽ ട്രെയ്‌ലറിൽ പ്രേക്ഷകരെ ഏറ്റവും ആവേശം കൊള്ളിച്ചത് മലയാളത്തിന്റെ ഇതിഹാസ നടൻ ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവാണ്. മുൻ ചിത്രങ്ങളിലെ തന്റെ കഥാപാത്രമായ വിക്രമായി നടൻ ജഗതി വീണ്ടും സിനിമയിലെത്തിയിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപുണ്ടായ കാർ അപകടത്തിന് ശേഷം ജഗതി ശ്രീകുമാർ സിനിമയിൽ സജീവമായിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തെ തിരികെ സിനിമയിൽ എത്തിച്ചിരിക്കുകയാണ് സിബിഐ ടീം.

ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. കനിഹ, രമേശ് പിഷാരടി, സൗബിൻ, ദിലീഷ് പോത്തൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Read More: ഒടിടി റിലീസിന് ഒരുങ്ങി ‘ട്വൽത്ത് മാൻ’- പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

മെയ് 1 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ വൈറലായിരുന്നു. 34 വർഷങ്ങൾക്ക് മുൻപ് 1988 ലാണ് ആദ്യ സിബിഐ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ റിലീസ് ചെയ്തത്. പക്ഷെ ഇപ്പോഴും സേതുരാമയ്യരുടെ ലുക്കിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ പറയുന്നത്.

Story Highlights: CBI 5 trailer release