27 വർഷങ്ങൾക്ക് ശേഷം ‘സ്ഫടികം റീലോഡഡ്’-ഏഴിമല പൂഞ്ചോല വീണ്ടും മോഹൻലാലിനൊപ്പം പാടിയ അനുഭവവുമായി കെ എസ് ചിത്ര
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രവും ഹിറ്റ് കഥാപാത്രവുമാണ് സ്ഫടികവും ആടുതോമയും. സംവിധായകന്‍ ഭദ്രന്‍ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച ക്ലാസിക് ചിത്രമാണ് സ്ഫടികം. ചിത്രം 27 വർഷങ്ങൾ പിന്നിടുമ്പോൾ പുത്തൻ ദൃശ്യാനുഭവവുമായി ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. വീണ്ടും സിനിമയിലെ ഗാനങ്ങൾ ആലപിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഗായിക കെ എസ് ചിത്ര.
കെ എസ് ചിത്രയുടെ വാക്കുകൾ;
കഴിഞ്ഞ സൺഡേ (24-4-2022) എന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു. മറ്റൊന്നുമായിരുന്നില്ല, 27 വർഷം മുമ്പ് ഞാൻ പാടിയ ‘സ്‌ഫടികം’ സിനിമയിലെ മൂന്ന് പാട്ടുകൾ അതേ ഭാവത്തിലും രൂപത്തിലും ശബ്‍ദത്തിലും പുനർജ്ജനിപ്പിക്കുക !! 3 വർഷം മുൻപ് ഭദ്രൻ സർ എയർപോർട്ടിൽ വെച്ച് യാദൃശ്ചികമായ ഒരു കണ്ടുമുട്ടലിൽ ഇത് പറഞ്ഞപ്പോൾ ഞാൻ വലിയ ഒരു വിഷമ വൃത്തത്തിൽ ആയി പോയി. അന്നത്തെ ഉർവശിയുടെയും സിൽക്ക് സ്മിതയുടെയും ചെറു പ്രായത്തിൽ സംഭവിച്ച ഒരു സിനിമ, ഇന്ന് പുതിയ സാങ്കേതിക മികവിൽ തിയേറ്ററുകളിൽ എത്തുമ്പോൾ ആ പാട്ടുകളിലെ ശബ്ദത്തിനും കോട്ടം തട്ടരുതല്ലോ…
പിന്നീട് അദ്ദേഹം തന്ന പ്രോത്സാഹനവും ധൈര്യവും എന്ത് കൊണ്ട് ഒന്ന് ശ്രമിച്ചു കൂടാ എന്ന് എന്നെ ചിന്തിപ്പിച്ചു. അതിന്റെ പുനർസൃഷ്ടിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടെ ഉണ്ടായിരുന്നത് കൊണ്ട്, ഒരു ധൈര്യത്തിൽ എന്റെ ഈശ്വരനെ ധ്യാനിച്ച് അങ്ങ് പാടി !! ആ പാട്ടുകളുടെ രസതന്ത്രം ചോർന്നു പോവാതെ അതിന്റെ പല സ്ഥലങ്ങളിലും നേരത്തെ പാടിയതിലും ‘പൊളിച്ചിരിക്കുന്നു ‘ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.
മോഹൻലാൽ സാറിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹൻലാൽ സാറിന്റെ കൂടെ ഒരിക്കൽക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. സ്ഫടികത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്കിയിരിക്കുന്നത് മലയാളത്തിലെ ഹിറ്റ് മേക്കർ കൂടിയായ എസ് പി വെങ്കിടേഷ് സാറ് ആണല്ലോ. കുറച്ചു നാളുകൾക്കു ശേഷം എസ് പി വെങ്കടേഷ് സാറിന്റെ കൂടെ ഒരു റെക്കോർഡിങ് സെഷൻ കൂടി. പി ഭാസ്കരൻ മാസ്റ്റർ ആണ് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം രചിച്ചിരിക്കുന്നത്.
ഇനി കേട്ട് വിലയിരുത്തേണ്ടവർ നിങ്ങളാണ്… എന്നെ സ്നേഹിക്കുന്നവർക്ക് കൂടി വേണ്ടിയുള്ള ഒരു സമർപ്പണമായി ഇത് തീരട്ടെ …’സ്‌ഫടികം റീലോഡ് ‘, 4K അറ്റ്മോസിൽ പാട്ടുകളും പടവും, മലയാളികൾ എക്കാലവും ഹൃദയത്തിൽ കൊണ്ട് നടന്ന ഈ ചലച്ചിത്രം ഒരു അനുഭവമായി മാറട്ടെ.
Read Also: ഒന്നാം രാഗം പാടി ശ്യാം, ഇവനെ കിട്ടിയാൽ ജീവനോടെ കൊണ്ടുവരണമെന്ന് വേണുഗോപാൽ, രസകരമായ വിഡിയോ
1995-ൽ പുറത്തിറങ്ങിയ സ്ഫടികത്തിന്റെ കഥയും ഭദ്രന്റെത് തന്നെയായിരുന്നു. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഈ സിനിമയിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച ജോർജ് സ്ഫടികം ജോർജ് എന്നാണ് പിന്നീട് അറിയപ്പെട്ടത്.
Story highlights- K S Chithra about sphadikam reloaded