‘ചാമ്പിക്കോ..’; ഭീഷ്മപർവ്വം സ്റ്റൈലിൽ സിനിമയ്ക്ക് പാക്കപ്പ് പറഞ്ഞ് കാളിദാസ് ജയറാം

April 6, 2022

‘രജനി’ എന്ന് പേരിട്ടിരിക്കുന്ന തമിഴ്-മലയാളം ദ്വിഭാഷാ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു കാളിദാസ് ജയറാം. നമിത പ്രമോദ്, ഷോൺ റോമി, റീബ മോണിക്ക ജോൺ, സൈജു കുറുപ്പ് എന്നിവരും വേഷമിടുന്ന ചിത്രം പൂർത്തിയായി. ഇപ്പോഴിതാ, ‘ഭീഷ്മ പർവ്വം’ ശൈലിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചാമ്പിക്കോ എന്ന ഹിറ്റ് ഡയലോഗിനൊപ്പമാണ് ചിത്രം പാക്കപ്പ് പറഞ്ഞത്.

നിർമ്മാതാക്കൾ പങ്കിട്ട വിഡിയോയിൽ, മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം’ എന്ന ചിത്രത്തിലെ ആദ്യ രംഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകരും ഫൈനൽ ക്ലിക്ക് പകർത്തുന്നു. മലയാളം- തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ അശ്വിൻ കെ കുമാർ കാളിദാസ് ജയറാം നായകനായ ‘രജനി’യിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

കാളിദാസ് ജയറാമിന്റെ ഏറ്റവും പ്രതീക്ഷയേറിയ പ്രോജക്റ്റുകളിൽ ഒന്നാണ് ‘രജനി’. ട്വിറ്ററിലൂടെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ കാളിദാസ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്- “എന്റെ അടുത്ത ദ്വിഭാഷാ ചിത്രത്തിന്റെ പേര് അനാച്ഛാദനം ചെയ്തതിൽ സന്തോഷമുണ്ട്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ ആവേശമുണ്ട്, ഈ ചിത്രത്തിന്റെ തമിഴ് ടൈറ്റിലിനായി കാത്തിരിക്കുക.’

Read Also: തലമുറകളെ ആവേശംകൊള്ളിച്ച പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയിൽ സേതുരാമയ്യർ- ‘സി ബി ഐ 5’ ടീസർ

വിനിൽ സ്കറിയ വർഗീസ് രചനയും സംവിധാനവും നിർവ്വഹിച്ച ‘രജനി’യുടെ സംഭാഷണം എഴുതിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫാണ്. തമിഴിൽ ‘രാജ്ഞി രസികൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ കടുത്ത ആരാധകനായ കഥാപാത്രത്തെയാണ് കാളിദാസ് ജയറാം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ‘വിക്രം’, ‘ജാക്ക് എൻ ജിൽ’, ‘നച്ചത്തിരം നഗർഗിരത്ത്’, വെബ് സീരീസുകൾ എന്നിവ ഉൾപ്പെടെ നിരവധി റിലീസുകളാണ് നടനെ കാത്തിരിക്കുന്നത്.

Story highlights- Kalidas Jayaram’s bilingual film ‘Rajni’ wraps up the shoot