ഇന്ത്യൻ സിനിമയിലെ മറ്റൊരു വിസ്മയമായി കെജിഎഫ് 2- പ്രേക്ഷക പ്രതികരണം ഇങ്ങനെ
ഉഗ്രം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിച്ച കന്നഡ ആക്ഷൻ ചിത്രമാണ് ‘കെജിഎഫ്: ചാപ്റ്റർ – 2’. കന്നഡ താരം യാഷ്, സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ടൻ, പ്രകാശ് രാജ് എന്നിവർ അഭിനയിക്കുന്ന ചിത്രം 2018 ലെ കെജിഎഫ്: ചാപ്റ്റർ 1′ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.
കാത്തിരിപ്പിനൊടുവിൽ വലിയ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ഭുവൻ ഗൗഡയാണ്. സംഗീതം രവി ബസ്റൂർ നിർവ്വഹിച്ചപ്പോൾ 19 വയസ്സുള്ള ഉജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം തുടങ്ങി എല്ലാ പ്രധാന ഇന്ത്യൻ ചലച്ചിത്ര ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്താണ് റിലീസിന് എത്തിയത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എത്തിയ ചിത്രം ഇന്ത്യൻ സിനിമ ഭരിക്കുമെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. KGF 2 ലെ വില്ലൻ അധീരയായി എത്തുന്ന സഞ്ജയ് ദത്തിന്റെ പ്രകടനത്തെ പ്രേക്ഷകർ പ്രശംസിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയം. ക്ലൈമാക്സിൽ യാഷിന്റെ റോക്കി ഭായിയുമായുള്ള ഏറ്റുമുട്ടൽ ഒരു വിഷ്വൽ ട്രീറ്റാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
കേരളത്തിലെയും ആന്ധ്രയിലെയും തീയേറ്ററുകളിൽ നിരവധി ആരാധകർ പടക്കം പൊട്ടിച്ചും വിസിലടിച്ചും ആർപ്പുവിളിച്ചും ചിത്രം ആഘോഷിച്ചാണ് വരവേറ്റത്. എന്തായാലും കെജിഎഫ് മൂന്നാം ഭാഗവും എത്തുമെന്ന സൂചന തിയേറ്ററിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
Story highlights- kgf 2 audience response