‘സുൽത്താന..’ ആരാധകർക്ക് സർപ്രൈസായി കെജിഎഫ് 2 വിലെ അടുത്ത ഗാനം റിലീസ് ചെയ്തു; ചിത്രം നാളെ ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ

April 13, 2022

അപ്രതീക്ഷിതമായി വന്ന് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി മാറിയ കന്നഡ ചിത്രമാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത്‌ കന്നഡ സൂപ്പർതാരം യാഷ് അഭിനയിച്ച കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2 നാളെ ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തുകയാണ്.

ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും മൊഴി മാറ്റി റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം എല്ലാ സിനിമ ഇന്ഡസ്ട്രികളിലും വലിയ വിജയമായി മാറിയിരുന്നു. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കഴിഞ്ഞ കുറച്ചു നാളുകളായി കാത്തിരുന്നത്.

ഇപ്പോൾ റിലീസിന് തൊട്ട് മുൻപത്തെ ദിവസമായ ഇന്ന് ലോകമെങ്ങുമുള്ള ആരാധകർക്ക് സർപ്രൈസായി ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തു വന്നിരിക്കുകയാണ്. ‘സുൽത്താന..’ എന്ന് തുടങ്ങുന്ന ഗാനമാണ് മലയാളം അടക്കമുള്ള ഭാഷകളിൽ റിലീസായത്. ചിത്രത്തിലെ പല പ്രധാനപ്പെട്ട ദൃശ്യങ്ങളും ലിറിക്കൽ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രവി ബസ്‍റുരാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുധാംശു രചിച്ച ഗാനം മോഹൻ കൃഷ്‍ണ, അൻവര്‍ സാദത്ത്, എം ടി ശ്രുതികാന്ത്, വിപിൻ സേവ്യര്‍, പ്രകാശ് മഹാദേവൻ, സന്തോഷ് വെങ്കി, ഐശ്വര്യ രംഗരാജൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

Read More: ബീസ്റ്റ് തിയേറ്ററുകളിൽ; പ്രേക്ഷകപ്രതികരണം ഇങ്ങനെ…

നേരത്തെ ‘തൂഫാൻ’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തു വന്നിരുന്നു. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഗാനം ഏറ്റെടുത്തത്. കെജിഎഫിന്റെ ടീസറിനും ട്രെയ്‌ലറിനും ഗാനങ്ങൾക്കുമെല്ലാം അതിഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്.

Story Highlights: Kgf 2 lyrical video song ‘Sulthana’ release