17 വയസ്സുള്ളപ്പോൾ യൂട്യൂബർ, 19ാം വയസ്സിൽ ‘കെജിഎഫ് 2’ എഡിറ്റർ ; ഉജ്ജ്വൽ കുൽക്കർണിയുടെ അവിശ്വസനീയ കഥ
ഇന്ത്യ മുഴുവൻ കെജിഎഫ് തരംഗം അലയടിക്കുമ്പോൾ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവമാണ് സിനിമ പ്രേമികളിൽ കൗതുകമുണർത്തുന്നത്. ചിത്രത്തിന്റെ എഡിറ്ററായ ഉജ്ജ്വൽ കുൽക്കർണിയാണ് ഈ സംഭവത്തിലെ കഥാനായകൻ.
‘കെജിഎഫ് 2’ കണ്ട ഏതൊരു പ്രേക്ഷകനെയും അത്ഭുതപ്പെടുത്തിയതാണ് ചിത്രത്തിന്റെ ചടുലമായ എഡിറ്റിങ്. ഒരു സെക്കൻഡ് പോലും പ്രേക്ഷകർക്ക് തിയേറ്ററിൽ ലാഗ് അനുഭവപ്പെടാതിരിക്കാൻ എഡിറ്റിങ് വഹിച്ച പങ്ക് വളരെ വലുതാണ്. ചിത്രത്തിന്റെ മറ്റ് പിന്നണി പ്രവർത്തകരെ പോലെ എഡിറ്റിങ്ങും അനുഭവസ്ഥരായ എഡിറ്റമാർ ആയിരിക്കാം ചെയ്തത് എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ കരുതിയിരുന്നത്.
എന്നാൽ ‘കെജിഎഫ് 2’ വിന്റെ എഡിറ്ററായ ഉജ്ജ്വൽ കുൽക്കർണിക്ക് വെറും 19 വയസ്സ് മാത്രം പ്രായമാണുള്ളത് എന്നറിഞ്ഞ ഞെട്ടലിലാണ് ഇപ്പോൾ ഇന്ത്യ മുഴുവനുള്ള സിനിമ പ്രേമികൾ. കെജിഎഫ് ടീമിൽ എത്തുമ്പോൾ വെറും 17 വയസ്സ് മാത്രമാണ് ഉജ്ജ്വലിന് ഉണ്ടായിരുന്നത്. സിനിമയുടെ പ്രമോഷനിടയിൽ നായകൻ യാഷ് തന്നെയാണ് ഉജ്ജ്വലിനെ പറ്റി പ്രേക്ഷകരോട് പറയുന്നത്.
സംവിധായകൻ പ്രശാന്ത് നീലിനടുത്തേക്ക് ഉജ്ജ്വൽ ആദ്യമായി എത്തിയതും വളരെ രസകരമായ ഒരു കഥയാണ്. കെജിഎഫിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയതിന് ശേഷം ഉജ്ജ്വൽ ചിത്രത്തിലെ സീനുകൾ ഉൾപ്പെടുത്തി ഒരു ഫാൻ മെയ്ഡ് വിഡിയോ എഡിറ്റ് ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. ഇത് വൈറലായതോടെ സംവിധായകൻ പ്രശാന്ത് നീലിന്റെ ഭാര്യ ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നു. വിഡിയോ വളരെയധികം ഇഷ്ടപ്പെട്ടതോടെ പ്രശാന്ത് നീൽ ഉജ്ജ്വലിനെ കെജിഎഫിന്റെ ടീമിലേക്ക് ക്ഷണിക്കുകയായിരുന്നു.
Read More: കേരള ബോക്സോഫിസ് ‘തൂഫാനാക്കി’ റോക്കി ഭായ്; അഞ്ച് ദിവസം കൊണ്ട് നേടിയത് റെക്കോർഡ് കളക്ഷൻ
3 വർഷത്തോളം പ്രശാന്ത് നീലിന്റെ ശിക്ഷണത്തിൽ എഡിറ്റിംഗ് പഠിച്ച ഉജ്ജ്വലാണ് ഇന്ന് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ‘കെജിഎഫ് 2’ വിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
Story Highlights: Kgf 2 editor ujwal kulkarni’s incredible story