കേരള ബോക്‌സോഫിസ് ‘തൂഫാനാക്കി’ റോക്കി ഭായ്; അഞ്ച് ദിവസം കൊണ്ട് നേടിയത് റെക്കോർഡ് കളക്ഷൻ
ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിയെഴുതി കൊണ്ടിരിക്കുകയാണ് കന്നഡ ചിത്രം ‘കെജിഎഫ് 2.’ എല്ലാ ഭാഷകളിലും എക്കാലത്തെയും മികച്ച ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ് ചിത്രത്തിന്റെ വിവിധ ഭാഷാപതിപ്പുകൾ. ഇൻഡ്യയൊട്ടാകെയുള്ള തിയേറ്ററുകളെ ഇളക്കിമറിച്ചാണ് ‘കെജിഎഫ് 2’ പ്രദർശനം തുടരുന്നത്. പല ബോക്‌സോഫിസ് റെക്കോർഡുകളും ചിത്രം ആദ്യ ദിനം തന്നെ തകർത്തിരുന്നു. വെറും നാല് ദിവസം കൊണ്ട് ചിത്രം 500 കോടിയാണ് ഇൻഡ്യയൊട്ടാകെയുള്ള തിയേറ്ററുകളിൽ നിന്ന് നേടിയത്.
ഇപ്പോൾ കേരളത്തിലെ തിയേറ്ററുകളിലും ചിത്രം റെക്കോർഡ് കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. നാല് ദിവസം കൊണ്ട് ചിത്രം 28 കോടി നേടിയാണ് റെക്കോർഡിട്ടിരിക്കുന്നത്. കേരളത്തിൽ ചിത്രം നേടിയ വിജയവും ബോക്‌സോഫിസ് കളക്ഷനും അവിശ്വസനീയമാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല തൻറെ ട്വീറ്റിൽ പറയുന്നത്. അഞ്ച് ദിവസം കൊണ്ട് 9.8 കോടി നേടിയ വിജയ് ചിത്രം ‘ബീസ്റ്റിനെ’ ബഹുദൂരം പിന്നിലാക്കിയാണ് കെജിഎഫ് 2 വിന്റെ തേരോട്ടം.
#Kerala BO – 1st Weekend :
— Ramesh Bala (@rameshlaus) April 19, 2022
1. #KGFChapter2 – ₹ 28 Crs (4 Days)
2. #Beast – ₹ 9.80 Crs (5 Days)
A state where #KGF2 took everyone by surprise.. Pre-release, this was unimaginable..
നേരത്തെ മലയാളത്തിലെ എക്കാലത്തെയും മികച്ച ആദ്യ ദിന കളക്ഷൻ നേടി ചിത്രം റെക്കോർഡിട്ടിരുന്നു. മോഹൻലാൽ നായകനായ ശ്രീകുമാർ മേനോൻ ചിത്രം ‘ഒടിയന്റെ’ ആദ്യ ദിന കളക്ഷനാണ് കെജിഎഫ് 2 മറികടന്നത്. ആദ്യ ദിന കളക്ഷന്റെ കാര്യത്തിൽ വർഷങ്ങളായി ‘ഒടിയൻ’ കൈവശം വച്ചിരുന്ന റെക്കോർഡാണ് ‘കെജിഎഫ് 2’ ആദ്യ ദിനം മറികടന്നത്. കെജിഎഫ് 2 കേരളത്തില്‍ നിന്ന് ആദ്യദിനം 7 കോടിക്കു മുകളില്‍ നേടി എന്നാണ് കണക്കുകള്‍. മുന്‍പ് ഒടിയന്‍ മാത്രമാണ് 7 കോടിക്ക് മുകളില്‍ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയിട്ടുള്ളത്. 7.3 കോടിയാണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയതെന്നാണ് കണക്കുകൾ സൂചിപ്പിച്ചത്. ഒടിയന്‍റെ ആദ്യ ദിന കളക്ഷന്‍ 7.2 കോടി ആയിരുന്നു.
Read More: കാത്തിരിപ്പ് അവസാനിക്കുന്നു; സിബിഐ- 5 റിലീസ് തീയതി പ്രഖ്യാപിച്ചു
ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും മൊഴി മാറ്റി റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം എല്ലാ സിനിമ ഇന്ഡസ്ട്രികളിലും വലിയ വിജയമായി മാറിയിരുന്നു. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കഴിഞ്ഞ കുറച്ചു നാളുകളായി കാത്തിരുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകുന്നതെന്നാണ് സിനിമ പ്രേമികളും നിരൂപകരും ഒരേ പോലെ പറയുന്നത്.
Story Highlights: Kgf 2 has record collection from kerala box office