കാത്തിരിപ്പ് അവസാനിക്കുന്നു; സിബിഐ- 5 റിലീസ് തീയതി പ്രഖ്യാപിച്ചു

April 19, 2022

സിനിമ ആസ്വാദകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ മലയാളം ചിത്രങ്ങളിൽ ഒന്നാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന സിബിഐ 5 ദ ബ്രെയ്ൻ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മെയ് ഒന്നിനായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക. മമ്മൂട്ടി സേതുരാമയ്യരായി എത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ, ഈ കാത്തിരിപ്പിന് കാരണങ്ങളും ഏറെയാണ്.

മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. മമ്മൂട്ടി- സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ തുടങ്ങിയ കൂട്ടുകെട്ട് അഞ്ചാം തവണയും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ കാത്തിരിപ്പിന് ആവേശം കൂടും.

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽതന്നെ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഴയകാല സേതുരാമയ്യരുടെ അതേ ലുക്കിലാണ് അഞ്ചാം ഭാഗത്തും താരം പ്രത്യക്ഷപ്പെടുന്നത്. സിബിഐ സീരീസിലെ ആദ്യ ചിത്രം ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ 1988 ലാണ് പുറത്തിറങ്ങിയത്. സിനിമയുടെ അഞ്ചാം ഭാഗമായ ‘സിബിഐ 5 ദ ബ്രെയ്ൻ’ 2022 ലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. എന്നാൽ ഇക്കാലത്തിനിടയ്ക്ക് രൂപത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാത്ത മമ്മൂട്ടിയെക്കണ്ട് ആത്ഭുതപ്പെടുകയാണ് അദ്ദേഹത്തിന്റെ സിനിമ ആരാധകർ.

മലയാളികൾക്കിടയിൽ മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഹിറ്റായ ഒരു സിനിമ പരമ്പരതന്നെയാണ് സിബിഐ. വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു എന്ന വാർത്ത പുറത്തുവന്നതുമുതൽ ആവേശത്തിലാണ് ആരാധകർ. സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുന്നതിന്റെ ആവേശവും ആരാധകരിൽ ഇരട്ടിയാണ്.

ചിത്രത്തിൽ കഴിഞ്ഞ ഭാഗങ്ങളിലൊക്കെ വിക്രം എന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ജഗതി ശ്രീകുമാർ ആയിരുന്നു. എന്നാൽ വാഹനാപകടത്തെത്തുടർന്ന് സിനിമ മേഖലയിൽ നിന്നും വർഷങ്ങളായി വിട്ടുനിൽക്കുന്ന താരം ഈ ചിത്രത്തിലൂടെ തിരിച്ചുവരുകയാണ് എന്നതും ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്നുണ്ട്. ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. കനിഹ, രമേശ് പിഷാരടി, മുകേഷ് തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Story highlights: Cbi release date declared