എല്ലാ കുരുന്നുകൾക്കുംവേണ്ടി മലയാളത്തിന്റെ പ്രിയഗായിക പാടി…’ഉണ്ണി വാവാവോ…’, ഹൃദ്യം ഈ വിഡിയോ

April 1, 2022

മലയാളികൾക്ക് ഒരുപാട് താരാട്ട് പാട്ടുകൾ പാടിത്തന്ന ഗായികയാണ് കെ എസ് ചിത്ര. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും കുഞ്ഞുങ്ങളും മുതിർന്നവരും ഒന്നടങ്കം ഏറ്റുപാടാറുണ്ട് ചിത്രാജിയുടെ പാട്ടുകൾ. പ്രണയവും വിരഹവും മനോഹരമായി പാടാറുള്ള ചിത്രാജിയുടെ താരാട്ട് പാട്ടുകളും ആസ്വാദക ഹൃദയങ്ങളിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാറുണ്ട്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ എത്തിയപ്പോഴും പ്രേക്ഷകർക്കായി നിരവധി ഗാനങ്ങൾ മലയാളത്തിന്റെ വാനമ്പാടി പാടി നൽകുന്നുണ്ട്. കെ എസ് ചിത്രയുടെ ശബ്ദത്തിൽ മലയാളികൾ എക്കാലവും കേൾക്കാൻ കൊതിയ്ക്കുന്ന ‘ഉണ്ണി വാവാവോ’ എന്ന താരാട്ട് പാട്ടും പാടി നൽകുന്നുണ്ട് പ്രിയഗായിക.

‘സ്വാന്തനം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. 1991 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന്റെ വരികൾ തയാറാക്കിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. മോഹൻ സിത്താരയുടെ സംഗീതത്തിൽ ഒരുക്കിയ ഗാനം സിനിമയിൽ പാടിയത് കെ ജെ യേശുദാസാണ്. ചിത്രത്തിൽ മെയിൽ വേർഷനിലാണ് ഗാനം എത്തിയത്. എന്നാൽ പിന്നീട് സിനിമ കാസറ്റിന് വേണ്ടിയാണ് കെ എസ് ചിത്ര ഈ ഗാനം ആലപിക്കുന്നത്. മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന താരാട്ട് പാട്ടാണ് ഉണ്ണി വാവാവോ. ഈ ഗാനം ഒരിക്കൽ കൂടി ഇഷ്ടഗായികയുടെ ശബ്ദത്തിലൂടെ കേൾക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആസ്വാദകരും.

Read also: യുദ്ധഭൂമിയിലെ ജനതയ്ക്കായി അവർ പാടി…; ഇതിനോടകം ഇന്ത്യൻ ഗായകർ സ്വരൂപിച്ചത് 2.5 കോടി രൂപ

താരാട്ട് പാട്ടുകളുടെ ഒരു ആരാധിക കൂടിയാണ് കെ എസ് ചിത്ര. താരാട്ട് പാട്ടുകൾ കേൾക്കാനും പാടാനും ഇഷ്ടമുള്ള ഗായിക കൂടിയാണിത്. ഓമനത്തിങ്കൽ കിടാവോ, താമര കണ്ണൻ ഉറങ്ങേണം, കണ്മണി കുഞ്ഞിന് പൊട്ടുകുത്താം തുടങ്ങി ചിത്രാജിയുടെ ശബ്ദത്തിലൂടെ മലയാളികൾ കേട്ടത് ഇതിനോടകം ഒരുപിടി നല്ല താരാട്ട് പാട്ടുകളും കൂടിയാണ്.

Story highlights: KS Chithra singing Unnivavavo amazingly