കുൽദീപിനിത് മധുര പ്രതികാരം; കൊൽക്കത്തയുടെ 4 വിക്കറ്റുകൾ പിഴുത് മുൻ താരം

April 28, 2022

കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്ക് വേണ്ടിയാണ് കുൽദീപ് യാദവ് കളിച്ചത്. എന്നാൽ കൂടുതൽ മത്സരങ്ങളിലും പുറത്തിരിക്കാനായിരുന്നു കുൽദീപിന്റെ വിധി. അതിന് മധുര പ്രതികാരം നടത്തിയിരിക്കുകയാണ് താരം. ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത കുൽദീപ് കൊൽക്കത്തയുടെ വിലപ്പെട്ട 4 വിക്കറ്റുകളാണ് പിഴുതത്.

കുൽദീപിന്റെ ബൗളിങ്ങിന് മുൻപിൽ പകച്ചു പോയ കൊൽക്കത്തയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 146 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 57 റണ്‍സെടുത്ത നിതീഷ് റാണയും 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 23 റണ്‍സെടുത്ത റിങ്കു സിംഗും മാത്രമാണ് കൊല്‍ക്കത്ത ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഡല്‍ഹി ക്യാപിറ്റൽസിനായി കുല്‍ദീപ് യാദവ് നാലും മുസ്തഫിസുര്‍ റഹ്‌മാൻ മൂന്നും വിക്കറ്റെടുത്തു.

ചില മാറ്റങ്ങളോടെയാണ് ഡല്‍ഹിയും കൊല്‍ക്കത്തയും ഇന്നിറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിൽ ഇരു ടീമുകളും തോൽവി അറിഞ്ഞതോടെയാണ് ഈ മത്സരത്തിൽ മാറ്റങ്ങളുണ്ടായത്. ഡല്‍ഹി ടീമില്‍ രണ്ട് മാറ്റങ്ങളാണുണ്ടായിരുന്നത്. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സര്‍ഫ്രാസ് ഖാന്‍ പുറത്തായി. പരിക്കുള്ള ഖലീല്‍ അഹമ്മദിന് പകരം ചേതന്‍ സക്കറിയ ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനായി അരങ്ങേറ്റം കുറിച്ചു.

Read More: ഉമ്രാൻ മാലിക്ക് എന്ന കൊടുങ്കാറ്റ്; പ്രശംസ കൊണ്ട് മൂടി ക്രിക്കറ്റ് ആരാധകർ..

മൂന്ന് മാറ്റങ്ങളുമായാണ് കൊൽക്കത്ത ഇന്നിറങ്ങിയത്. ഓപ്പണര്‍ സ്ഥാനത്തേക്ക് ആരോണ്‍ ഫിഞ്ച് തിരിച്ചെത്തിയപ്പോള്‍ ബാറ്റിംഗ് നിരയില്‍ ബാബാ ഇന്ദ്രജിത്ത് ഇടം നേടി. ഹർഷിത് റാണയാണ് വരുൺ ചക്രവർത്തിക്ക് പകരം ഇന്ന് ടീമിലെത്തിയത്.

Story Highlights: Kuldeep yadav stunning performance against kkr