‘സ്വർഗത്തിൽ നിങ്ങളുടെ സൗഹൃദങ്ങൾ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു’; ജോൺ പോളിനെ പറ്റി മനസ്സ് തൊടുന്ന കുറിപ്പുമായി കുഞ്ചാക്കോ ബോബൻ
മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ വിട വാങ്ങി. നികത്താനാവാത്ത നഷ്ടം എന്ന് സംശയമേതുമില്ലാതെ പറയാൻ കഴിയുന്ന മഹാനായ എഴുത്തുകാരനായിരുന്നു ജോൺ പോൾ. സമാന്തര-വാണിജ്യ സിനിമകളിൽ ഒരേ പോലെ വിജയം കണ്ടെത്തിയ തിരക്കഥാകൃത്തായിരുന്നു ജോൺ പോൾ. നിരവധി താരങ്ങളും സിനിമ പ്രവർത്തകരും ജോൺ പോളിനെ ഓർമിച്ചു കുറിപ്പുകൾ പങ്കുവെച്ചിരുന്നു.
ഇപ്പോൾ മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ കുഞ്ചാക്കോ ബോബനാണ് ജോൺ പോളിനെ ഓർമ്മിക്കുന്നത്. ജോൺ പോളിന്റെ വിയോഗം വ്യക്തിപരമായി തനിക്കും തന്റെ കുടുംബത്തിനും വലിയ നഷ്ടം തന്നെയാണെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.
“കണ്ടുമുട്ടിയ എല്ലാവരുടെയും മനസ്സിൽ തങ്ങി നിന്ന വ്യക്തിത്വം, ഉള്ളു തൊടുന്ന കുറെയേറെ സിനിമകൾക്ക് ജന്മം നൽകിയ മനുഷ്യൻ, ഭാഷയിലും സാഹിത്യത്തിലും സമാനതകളില്ലാത്ത ആധിപത്യം പുലർത്തിയ, ഞങ്ങളൊക്കെ സ്നേഹത്തോടെ അങ്കിൾ എന്ന് വിളിക്കുന്ന ആൾ. ഉദയ കുടുംബത്തോട്, പ്രത്യേകിച്ച് എന്റെ അപ്പനോട് താങ്കൾക്കുള്ള സ്നേഹം ഞാൻ നേരിട്ടറിഞ്ഞ നിരവധി സന്ദർഭങ്ങളുണ്ട്.
ശരീരത്തെക്കാൾ വലിയ മനസ്സുള്ള അദ്ദേഹത്തിന്റെ സ്നേഹം അടുത്തില്ലാത്തപ്പോഴും അനുഭവിക്കാൻ കഴിഞ്ഞ ഒരുപാട് പേരുണ്ട്. ജോണ്‍ പോള്‍ അങ്കിളിന്റെ ശബ്ദവും വാക്കുകളും വല്ലാതെ മിസ്സ് ചെയ്യും. പക്ഷെ സിനിമയിലെയും സാഹൃത്യത്തിലെയും നിങ്ങളുടെ സൃഷ്ടികൾ ഞങ്ങളോട് സംസാരിച്ചുകൊണ്ടേയിരിക്കും.
നെടുമുടി വേണു ചേട്ടൻ, ലളിത ചേച്ചി, ഇപ്പോൾ ജോൺ പോൾ അങ്കിൾ, അടുത്ത കാലത്തായി മലയാള സിനിമാ മേഖലയുടെ വലിയ നഷ്ടങ്ങള്‍ എന്റെയും എന്റെ കുടുംബത്തിന്റെയും വ്യക്തിപരമായതു കൂടിയാണ്. നിങ്ങൾ എല്ലാവരും സ്വർഗ്ഗത്തിൽ നിങ്ങളുടെ സൗഹൃദം പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” ജോൺ പോളിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: Kunchakko boban about john paul