‘കമ്മട്ടിപ്പാടത്തിന്’ ശേഷം ‘കുറ്റവും ശിക്ഷയും’ വരുന്നു; രാജീവ് രവി-ആസിഫ് അലി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

April 23, 2022

ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് രാജീവ് രവി. ‘അന്നയും റസൂലും’, ‘ഞാൻ സ്റ്റീവ് ലോപ്പസ്’, ‘കമ്മട്ടിപ്പാടം’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി വാങ്ങിയ രാജീവ് രവിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആസിഫ് അലി നായകനാവുന്ന ‘കുറ്റവും ശിക്ഷയും.’ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

മെയ് 27 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. നടൻ ആസിഫ് അലി തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. രാജീവ് രവിയുടെ തന്നെ നിവിൻ പോളി ചിത്രം ‘തുറമുഖം’ റിലീസ് ചെയ്യാനിരിക്കെയാണ് ‘കുറ്റവും ശിക്ഷയും’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.

2020 ൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് കാരണം നീണ്ടു പോവുകയായിരുന്നു. ഒരു ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം കേരളത്തിലും രാജസ്ഥാനിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യഥാർത്ഥ ജീവിതത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More: ജോൺ പോളിനെ അവസാനമായി കാണാനെത്തി മമ്മൂട്ടി; അത്യപൂർവ പ്രതിഭാ ശാലിയെന്ന് മോഹൻലാൽ, ആത്മാർത്ഥ സുഹൃത്തിനെ നഷ്ടമായ വേദനയിൽ ഇന്നസെന്റ്- അനുശോചനമറിയിച്ച് സിനിമ ലോകം

സുരേഷ് രാജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ചിത്രം നിർമിച്ചിരിക്കുന്നു. സംവിധായകൻ കൂടിയായ അജിത്ത് കുമാറാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഡോണ്‍ വിന്‍സെന്റാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Story Highlights: ‘Kuttavum shikshayum’ release date