ജോൺ പോളിനെ അവസാനമായി കാണാനെത്തി മമ്മൂട്ടി; അത്യപൂർവ പ്രതിഭാ ശാലിയെന്ന് മോഹൻലാൽ, ആത്മാർത്ഥ സുഹൃത്തിനെ നഷ്ടമായ വേദനയിൽ ഇന്നസെന്റ്- അനുശോചനമറിയിച്ച് സിനിമ ലോകം

April 23, 2022

ഏറെ വേദനയോടെയാണ് സിനിമ ലോകം തിരക്കഥാകൃത്ത് ജോൺ പോളിന്റെ വിയോഗവാർത്ത കേട്ടറിഞ്ഞത്. മലയാളികൾ ഹൃദയത്തിലേറ്റിയ ഒരുപിടി നല്ല സിനിമകൾക്ക് തിരക്കഥ ഒരുക്കിയ താരം ഇനിയില്ല. ഇന്ന് ഉച്ചയോടെയാണ് അസുഖബാധിതനായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ജോൺ പോൾ മരണത്തിന് കീഴടങ്ങിയത്.

ജോൺ പോളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് സിനിമ മേഖലയിൽ നിന്നുള്ള പലരും എത്തിയിരുന്നു. ജോൺ പോളിനെ ഒരു നോക്ക് അവസാനമായി കാണുന്നതിനായി ചലച്ചിത്രതാരം മമ്മൂട്ടി കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തി. മലയാള സിനിമയ്ക്ക് ജോൺ പോൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ വിയോ​ഗം അപ്രതീക്ഷിതവും സങ്കടകരവുമാണെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം മമ്മൂട്ടി അഭിനയിച്ച നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയ കലാകാരനാണ് ജോൺ പോൾ.

തനിക്ക് നഷ്ടമായത് ആത്മാർത്ഥ സുഹൃത്തിനെ ആണെന്ന് പറഞ്ഞുകൊണ്ട് ചലച്ചിത്രതാരം ഇന്നസെന്റും ജോൺ പോളിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇളക്കങ്ങള്‍, വിടപറയും മുമ്പേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ജോണ്‍ പോളിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളതായി ഇന്നസെന്റ് പറഞ്ഞു. ജോണ്‍ പോള്‍ ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്താണ് തിരക്കഥ എഴുതി തുടങ്ങുന്നത്. അന്ന് മുതലേ തങ്ങൾ പരിചയക്കാരാണെന്നും പറഞ്ഞ ഇന്നസെന്റ്. അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതമാണെന്നും താൻ ജീവിച്ചിരിക്കുമ്പോൾ ജോണ്‍ പോളിന്റെ വിയോഗ വാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും പറഞ്ഞു.

Read also: ‘വിടപറയും മുമ്പേ…’, ജോൺ പോളിനെ ആശുപത്രിയിൽ പോയി കണ്ട ഓർമകളുമായി മഞ്ജു വാര്യർ

അത്യപൂർവ പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്ന് പറയുകയാണ് മോഹൻലാൽ. ‘പ്രിയപ്പെട്ട ജോൺപോളേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം.’- മോഹൻലാൽ കുറിച്ചു.

ചലച്ചിത്രതാരങ്ങളായ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, സിദ്ധാർഥ് ഭരതൻ, മധുപാൽ തുടങ്ങി നിരവധിപ്പേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് രംഗത്തെത്തി.

ജോണ്‍ പോളിന്റെ സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക് ഇളംകുളം സുറോന ചര്‍ച്ചില്‍ നടക്കും. രാവിലെ 8 മണി മുതല്‍ 11 മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനമുണ്ടാകും.

Story highlights: Actors about John Paul