വീണ്ടും ജയിച്ചു കയറി ലഖ്‌നൗ; ‘ആവേശ’മായി ആവേഷ് ഖാൻ
മുംബൈ ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 4 വിക്കറ്റ് നേടിയ ആവേഷ് ഖാൻറെയും 3 വിക്കറ്റ് പിഴുത ജേസണ്‍ ഹോള്‍ഡറുടെയും കരുത്തിൽ ഹൈദരാബാദിനെ 12 റൺസിന് തോൽപ്പിച്ച് വീണ്ടും വിജയം നേടിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പർ ജയൻറ്സ്.
അവസാന ഓവർ വരെ പൊരുതി നിന്നെങ്കിലും വീണ്ടും കീഴടങ്ങാനായിരുന്നു ഹൈദരാബാദിന്റെ വിധി. ഈ സീസണിലെ ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും സൺറൈസേഴ്സിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 44 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സകോറര്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗ തുടക്കത്തില്‍ തകര്‍ന്നെങ്കിലും 68 റൺസെടുത്ത ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെയും 51 റൺസ് അടിച്ചുകൂട്ടിയ ദീപക് ഹൂഡയുടെയും ബാറ്റിങ്ങിലൂടെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, റൊമാരിയ ഷെഫേര്‍ഡ് എന്നിവര്‍ ഹൈദരാബാദിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സീസണിലെ ആദ്യ ജയത്തിനായാണ് നായകൻ കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്നിറങ്ങിയിരുന്നത്. മത്സരത്തിന് മുൻപ് തന്നെ ഹൈദരാബാദ് പല പ്രശ്നങ്ങളും നേരിട്ടിരുന്നു. നിക്കോളാസ് പുരാനും അബ്ദുൽ സമദും മികവിനൊത്ത് ഉയരാത്തത് ഹൈദരാബാദ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു. അതേ സമയം ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് തോൽവി രുചിച്ചിരുന്നെങ്കിലും രണ്ടാമത്തെ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് ലഖ്‌നൗ ഇന്നത്തെ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ ജയം നൽകിയ ഊർജ്ജം ഇന്ന് ലഖ്‌നൗ താരങ്ങളിൽ പ്രകടവുമായിരുന്നു.
Read More: ‘ഹയ്യ ഹയ്യ..’; ആവേശമാവാൻ ഖത്തർ ലോകകപ്പ് ഗാനമെത്തി; ഒരുമിച്ച് നിൽക്കണം എന്ന് സന്ദേശം
കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിനെ നില നിർത്തികൊണ്ടാണ് ഹൈദരാബാദ് ഇന്നിറങ്ങിയിരുന്നത്. എന്നാൽ ലഖ്‌നൗ തങ്ങളുടെ ടീമിൽ ഒരു മാറ്റം വരുത്തിയിരുന്നു. വിൻഡീസ് താരം ജേസണ്‍ ഹോള്‍ഡർ ദുഷ്മന്ത ചമീരയ്ക്ക് പകരം ഇന്നിറങ്ങുകയായിരുന്നു. ലഖ്‌നൗവിന്റെ വിജയത്തിൽ ഏറ്റവും നിർണായകമായതും ഈ തീരുമാനം തന്നെയായിരുന്നു. 3 വിലപ്പെട്ട വിക്കറ്റുകളാണ് ഹോൾഡർ ടീമിന് വേണ്ടി നേടിയത്.
Story Highlights: Lucknow defeats hyderabad