വീണ്ടും വിജയവഴിയിൽ ലഖ്‌നൗ; ഡൽഹിയെ വീഴ്ത്തിയത് 6 വിക്കറ്റിന്, പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്

April 8, 2022

അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരിനൊടുവിൽ 6 വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി ലഖ്‌നൗ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. ഡൽഹി ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം അവസാന ഓവറിലെ നാലാം പന്തിലാണ് ലഖ്‌നൗ മറികടന്നത്. നേരത്തെ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. 52 പന്തിൽ നിന്ന് 80 റൺസെടുത്ത ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ 19.4 ഓവറിൽ ലഖ്‌നൗ 155 റൺസെടുത്ത് വിജയം കൊയ്തു.

ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പർ ജയൻറ്സ്. കൊൽക്കത്തയാണ് ഒന്നാം സ്ഥാനത്തുള്ളത്. അതേ സമയം വീണ്ടും പരാജയം നേരിട്ടതോടെ ഏഴാം സ്ഥാനത്താണ് ഇപ്പോൾ ഡൽഹി.

നേരത്തെ ടോസ് നേടിയ ലഖ്‌നൗ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയതാണെങ്കിലും മികച്ച പ്രകടനം തന്നെയാണ് ഡൽഹി തുടക്കത്തിൽ കാഴ്‌ച വച്ചത്. പവർ പ്ലേ ഓവറുകളിൽ തകർത്തടിച്ച പൃഥ്വി ഷായാണ് ഡൽഹിക്ക് മികച്ച തുടക്കം നൽകിയത്. പവർ പ്ലേയിൽ ജേസണ്‍ ഹോള്‍ഡറുടെ ആദ്യ ഓവറിൽ നാല് റൺസ് മാത്രമാണ് ഡൽഹി എടുത്തതെങ്കിലും പിന്നീടുള്ള ഓവറുകളിൽ പൃഥ്വി ഷായുടെ വൺ മാൻ ഷോയാണ് കണ്ടത്. കെ ഗൗതമിന്‍റെ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറികൾ പിറന്നപ്പോൾ ജേസണ്‍ ഹോള്‍ഡറുടെ മൂന്നാം ഓവറില്‍ സിക്സും ഫോറുമടിച്ചാണ് പൃഥ്വി ഷാ ആഘോഷമാക്കിയത്. ആവേശ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ പൃഥ്വി മൂന്ന് ബൗണ്ടറി നേടി.

അഞ്ചാം ഓവറില്‍ രവി ബിഷ്ണോയി എത്തിയെങ്കിലും ബിഷ്ണോയിയെും പൃഥ്വി ബൗണ്ടറി കടത്തി. ആന്‍ഡ്ര്യു ടൈ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബൗണ്ടറിയടക്കം ഏഴ് റണ്‍സടിച്ചാണ് പൃഥ്വി ഡൽഹി സ്‌കോർ 50 കടത്തിയത്. 34 പന്തിൽ 61 റൺസെടുത്തതിന് ശേഷമാണ് പൃഥ്വി ഷാ പുറത്തായത്.

Read More: ‘അവിശ്വസനീയം, അസാധാരണം ആ ഓവർ’; കൊൽക്കത്ത-മുംബൈ മത്സരത്തിലെ നിർണായക ഓവറിനെ പറ്റി രവി ശാസ്ത്രി

കഴിഞ്ഞ മത്സരത്തിലെ ടീമിൽ പ്രധാനപ്പെട്ട ഒരു മാറ്റവുമായാണ് ലഖ്‌നൗ ഇന്നിറങ്ങിയത്. കെ ഗൗതമാണ് മനീഷ് പാണ്ഡെയ്ക്ക് പകരം ഇന്ന് കളിക്കാനിറങ്ങിയത്. അതേ സമയം ചില മാറ്റങ്ങളോടെയാണ് ഡൽഹിയും ഇന്നിറങ്ങിയത്. ക്വാറന്റൈൻ പൂർത്തിയാക്കി ഡേവിഡ് വാർണർ എത്തിയത് വലിയ ആശ്വാസമാണ് ഡൽഹിക്ക് നൽകിയത്. ഇതോടെ ടിം സീഫര്‍ട്ട് ഓപ്പണർ സ്ഥാനത്ത് നിന്ന് പുറത്തായി. പരിക്ക് ഭേദമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആൻറിച്ച് നോർക്കിയ ഖലീല്‍ അഹമ്മദിന് പകരം ടീമിലെത്തിയപ്പോൾ മന്‍ദീപിന് പകരം സര്‍ഫ്രാസ് ഖാനും ഇന്ന് ഡൽഹിക്കായി ഇറങ്ങി.

Story Highlights: Lucknow wins aginst delhi