ഏറ്റുമുട്ടാൻ രാഹുലും പന്തും; ഐപിഎല്ലിൽ ഇന്ന് ലഖ്‌നൗവും ഡൽഹിയും നേർക്കുനേർ

April 7, 2022

തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കുകയാണ് ഐപിഎല്ലിൽ അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പർ ജയൻറ്സ്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് തോൽവി രുചിച്ചെങ്കിലും മികച്ച പ്രകടനമാണ് പിന്നീടങ്ങോട്ട് ലഖ്‌നൗ കാഴ്‌ചവച്ചത്. തുടർച്ചയായ രണ്ട് വിജയങ്ങൾക്ക് ശേഷം മൂന്നാം ജയമാണ് ലഖ്‌നൗ ഇന്ന് ലക്ഷ്യമിടുന്നത്. എന്നാൽ വീണ്ടും വിജയ വഴിയിലേക്ക് തിരിച്ചെത്താനാണ് ഡൽഹി ഇന്നിറങ്ങുന്നത്.

ചില മാറ്റങ്ങളോടെയാണ് ഡൽഹി ഇന്നിറങ്ങുന്നത്. ക്വാറന്റൈൻ പൂർത്തിയാക്കി ഡേവിഡ് വാർണറും പരിക്ക് ഭേദമായി ആന്റിച്ച് നോർക്കിയയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇത് ഡൽഹിക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. ഇതോടെ ഇപ്പോഴത്തെ ഓപ്പണർ ടിം സീഫെർട്ടിന് സ്ഥാനം നഷ്‌ടമാകും. വാർണറുടെ സാന്നിധ്യം ലഖ്‌നൗവിന് തലവേദനയാകുമെന്നുറപ്പാണ്. മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന മുസ്‌തഫിസുർ റഹ്മാനെ നിലനിർത്തിയാൽ ഇന്ത്യൻ ബൗളർമാരിൽ ഒരാളെ ഒഴിവാക്കാനാണ് സാധ്യത.

അതേ സമയം ഇന്നത്തെ മത്സരത്തിൽ ലഖ്‌നൗ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. ബാറ്റിങ്ങിൽ നായകൻ കെ എൽ രാഹുലിലും ക്വിന്‍റൺ ഡികോകിലും തന്നെയാണ് ലഖ്‌നൗവിന്റെ പ്രതീക്ഷകളത്രയും.

ഹൈദരാബാദിനെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് ലഖ്‌നൗ ഇന്ന് ഡൽഹിയെ നേരിടാനിറങ്ങുന്നത്. മുംബൈ ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 4 വിക്കറ്റ് നേടിയ ആവേഷ് ഖാൻറെയും 3 വിക്കറ്റ് പിഴുത ജേസണ്‍ ഹോള്‍ഡറുടെയും കരുത്തിലാണ് ഹൈദരാബാദിനെ 12 റൺസിന് തോൽപ്പിച്ച് ലഖ്‌നൗ സൂപ്പർ ജയൻറ്സ് തുടർച്ചയായ രണ്ടാം വിജയം നേടിയത്.. ഒരു മാറ്റവുമായാണ് ലഖ്‌നൗ ഹൈദരാബാദിനെതിരെ ഇറങ്ങിയത്. വിൻഡീസ് താരം ജേസണ്‍ ഹോള്‍ഡർ ദുഷ്മന്ത ചമീരയ്ക്ക് പകരം ഇറങ്ങിയിരുന്നു. ലഖ്‌നൗവിന്റെ വിജയത്തിൽ ഏറ്റവും നിർണായകമായതും ഈ തീരുമാനം തന്നെയായിരുന്നു. 3 വിലപ്പെട്ട വിക്കറ്റുകളാണ് ഹോൾഡർ ടീമിന് വേണ്ടി നേടിയത്.

Read More: ‘മിന്നൽ സഞ്ജു പറന്നു, കോലി പവലിയനിലേക്ക് മടങ്ങി’; വൈറലായി കോലിയെ പുറത്താക്കിയ സഞ്ജുവിന്റെ അമ്പരപ്പിക്കുന്ന റണ്ണൗട്ട് വിഡിയോ

ഇന്ന് രാത്രി 7.30 ക്ക് ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തിലാണ് ലഖ്‌നൗ ഡൽഹിയെ നേരിടാനിറങ്ങുന്നത്.

Story Highlights: Lukhnow vs delhi ipl match