‘എന്നെന്നും നീയെൻ ഓമൽകുഞ്ഞല്ലേ..’- ‘മകൾ’ സിനിമയിലെ വാത്സല്യം നിറഞ്ഞ ഗാനമെത്തി
ജയറാമിനെയും മീരാ ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ റിലീസിന് ഒരുങ്ങുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ടീസറും ട്രെയ്ലറും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ, വാത്സല്യം തുളുമ്പുന്ന ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
അച്ഛൻ- മകൾ ബന്ധത്തിന്റെ ആഴം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ ഗാനം. ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘മകൾ’ ഉടൻ ബിഗ് സ്ക്രീനുകളിൽ എത്തും. സംവിധായകൻ സത്യൻ അന്തിക്കാട് ഇക്കാര്യം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് മുൻപ് വ്യക്തമാക്കിയിരുന്നത്.
അതേസമയം, ‘മകൾ’ എന്ന ചിത്രത്തിൽ ജയറാമും മീരാ ജാസ്മിനും പുറമെ അഭിനേതാക്കൾ ദേവിക സഞ്ജയ്, നസ്ലൻ, ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ധിഖ്, അൽത്താഫ് സലിം, ജയശങ്കർ, ദയാന ഹമീദ്, മീരാ നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
മലയാളികൾക്ക് എക്കാലത്തും മികച്ച സിനിമകൾ സമ്മാനിക്കുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമ്മിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമ്മാതാക്കൾ. ഡോ. ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് മകൾ.
മീര ജാസ്മിൻ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ചിത്രം കൂടിയാണ് ഇത്. നർത്തകിയും നടിയുമായ അന്നയാണ് ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവ്വഹിക്കും. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ.
Story highlights- makal movie song