കൈയിൽ ത്രിവർണ പതാകയുമായി യുവാവ് 50 മണിക്കൂറിൽ ഓടിത്തീർത്തത് 350 കിലോമീറ്റർ, പിന്നിൽ ചെറുതല്ലാത്തൊരു കാരണവും
50 മണിക്കൂർ സമയം കൊണ്ട് 350 കിലോമീറ്റർ ഓടത്തീർത്ത ഒരു യുവാവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. രാജസ്ഥാൻ സ്വദേശിയായ സുരേഷ് ഭിചാർ എന്ന യുവാവ് രാജസ്ഥാനിലെ സിക്കാറിൽ നിന്നും ഓടിത്തീർത്തതിന് പിന്നിൽ ഒരു കാരണവുമുണ്ട്. വർഷങ്ങളായി ഇന്ത്യൻ ആർമിയിൽ ചേരണം എന്ന ആഗ്രഹവുമായി നടക്കുകയാണ് സുരേഷ് ഭിചാർ. എന്നാൽ കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി സൈന്യത്തിൽ റിക്രൂട്ട്മെന്റ് ഒന്നും നടത്തിയിട്ടില്ല, ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും റിക്രൂട്ട്മെന്റ് നടത്തുന്നതിനയുമായി ഇത്രയും പ്രയാസമേറിയ മാരത്തോൺ നടത്താൻ സുരേഷ് തീരുമാനിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ ആർമിയിൽ റിക്രൂട്ട്മെന്റ് നടത്തണം എന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ജന്തർ മന്തറിൽ സൈനിക ഉദ്യോഗാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ പങ്കുചേരാനാണ് 24 കാരനായ സുരേഷ് രാജസ്ഥനിൽ നിന്നും ഡൽഹിയിലേക്ക് ഓടിയെത്തിയത്. അതേസമയം കഴിഞ്ഞ രണ്ട് വർഷമായി സൈന്യത്തിൽ റിക്രൂട്ട്മെന്റ് നടക്കുന്നില്ലെന്നും, ഈ സാഹചര്യത്തിൽ മനസ് തളർന്ന യുവാക്കളിൽ ആവേശം ജനിപ്പിക്കാനാണ് താൻ പ്രയാസമേറിയ മാർഗം സ്വീകരിച്ചതെന്നും സുരേഷ് പറഞ്ഞു.
Read also; ഭാര്യയെ ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിക്കുന്ന വൃദ്ധൻ, ഹൃദയഭേദകം ഈ കാഴ്ച
മാർച്ച് 29 നാണ് സുരേഷ് രാജസ്ഥാനിലെ സിക്കാറിൽ നിന്ന് ഓട്ടം ആരംഭിച്ചത്. ഏപ്രിൽ 2 -ന് ഡൽഹിയിലെത്തിയ സുരേഷ്, 50 മണിക്കൂർ കൊണ്ടാണ് 350 കിലോമീറ്റർ ദൂരം പിന്നിട്ടത്. ഒരു മണിക്കൂറിൽ ആറു കിലോമീറ്റർ എന്ന കണക്കിലാണ് സുരേഷ് ഓടിയത്. അതേസമയം ഇത്രയുംദൂരം ഈ ചെറിയ സമയത്തിനുള്ളിൽ പിന്നിട്ട സുരേഷിനെ അഭിനന്ദിച്ച് നിരവധിപ്പേരും എത്തുന്നുണ്ട്. കൈയിൽ ത്രിവർണ്ണ പതാകയുമായാണ് സുരേഷ് ഇതാണ് ദൂരം പിന്നിട്ടത്.
Story highlights: man runs 350 km in 50 hours