ജനിച്ചയുടൻ അമ്മയിൽ നിന്നും അകറ്റപ്പെട്ടു; 38 വർഷങ്ങൾക്ക് ശേഷം അമ്മയെ കണ്ടെത്തി മകൻ, ഹൃദയംതൊട്ട കൂടിച്ചേരൽ
ജനിച്ചയുടൻ തന്നെ സ്വന്തം അമ്മയിൽ നിന്നും വേർപിരിക്കപ്പെട്ട മകനാണ് ടൈലർ ഗ്രാഫ്. താൻ പ്രസവിച്ച കുഞ്ഞിയെ ഒരു നോക്ക് കാണാൻ ആ അമ്മയ്ക്കും ഭാഗ്യം ലഭിച്ചിരുന്നില്ല. കുഞ്ഞ് മരിച്ചുവെന്നായിരുന്നു ആ അമ്മയെ അറിയിച്ചിരുന്നത്. എന്നാൽ വർഷങ്ങൾ 38 കഴിയുമ്പോൾ യാദൃശ്ചികമായി സ്വന്തം അമ്മയെ കണ്ടെത്തിയിരിക്കുകയാണ് ഈ മകൻ. ഒപ്പം കുഞ്ഞ് മരിച്ചെന്ന ധാരണയിൽ ഇത്രയും വർഷം ജീവിച്ച ആ അമ്മയ്ക്കിത് അവിശ്വസനീയമായ നിമിഷങ്ങളായിരുന്നു.
വളരെ യാദൃശ്ചികമായാണ് ടൈലർ ഗ്രാഫ് തന്റെ യഥാർത്ഥ മാതാപിതാക്കളെ മുപ്പത്തിയെട്ട് വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. താൻ സ്വന്തം മാതാപിതാക്കളിൽ നിന്നും മോഷ്ടിക്കപെട്ടതാണെന്ന് ഗ്രാഫ് വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. ടൈലർ ഗ്രാഫ് ഒരു ഓർഫനേജിൽ നിന്നും ദത്തെടുക്കപ്പെട്ടതാണ്, ആ ദമ്പതികളോടൊപ്പമാണ് ഗ്രാഫ് വളർന്നത്. തന്റെ യഥാർത്ഥ മാതാപിതാക്കൾ അവനെ ഓർഫനേജിൽ ഉപേക്ഷിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഡോപ്ഷൻ പേപ്പറിൽ എഴുതിയിരുന്നത്. മറ്റ് കുട്ടികളെക്കൂടി നോക്കേണ്ടതിനാലാണ് ഈ മകനെ ഉപേക്ഷിച്ചതെന്നായിരുന്നു അതിലെ ഉള്ളടക്കം.
എന്നാൽ യഥാർത്ഥത്തിൽ സ്വന്തം അമ്മയിൽ നിന്നും മോഷ്ടിക്കപ്പെട്ട കുഞ്ഞായിരുന്നു അത്. കുഞ്ഞ് ജന്മനാ മരിച്ചെന്ന് പറഞ്ഞ ആശുപത്രി അധികൃതരോട് കുഞ്ഞിന്റെ അമ്മയായ ഹില്ഡ ഡെല് കാര്മന് ക്വയ്സേദ കുഞ്ഞിന്റെ മൃതദേഹം ആവശ്യപ്പെട്ടെങ്കിലും ചില സാങ്കേതിക കാരണങ്ങൾ നിരത്തി അവർ ആ ആവശ്യം നിരസിച്ചു. യഥാർത്ഥത്തിൽ ആ കാലത്ത് നടന്നിരുന്ന വലിയൊരു തട്ടിപ്പിന് ഇരയാകുകയായിരുന്നു ഇവർ. ആ സമയത്ത് മോഷ്ടിക്കപ്പെട്ട ഒട്ടനവധി കുഞ്ഞുങ്ങളിൽ ഒരാളാണ് ഹിൽഡയുടെ മകന് ടൈലർ ഗ്രാഫും. നൂറുകണക്കിന് കുട്ടികളാണ് അക്കാലത്ത് അഡോപ്ഷന് ബ്രോക്കര്മാരാല് കടത്തപ്പെട്ടത്.
Read also: എന്നെ കൊച്ചുമകനായി സ്വീകരിക്കാമോ, യുവാവിന്റെ ചോദ്യത്തിന് ഹൃദ്യമായ മറുപടി നൽകി ഒരമ്മ
അതേസമയം ‘ചില്ഡ്രന് ആന്ഡ് മദേഴ്സ് ഓഫ് സയലന്സ്’ എന്ന സംഘടനയുടെ സ്ഥാപകയായ മരിസോള് റോഡ്റിഗസ് ആണ് ഈ അമ്മയുടെയും മകന്റെയും ഒത്തുചേരലിന് കരണമായത്. നിര്ബന്ധിതമായി വേര്പെടുത്തപ്പെട്ട കുട്ടികളെയും അമ്മമാരെയും ഒരുമിപ്പിക്കാന് വേണ്ടി പ്രവര്ത്തിക്കുന്ന സംഘടനയാണിത്. ഇവർ നടത്തിയ അന്വേഷണത്തിലാണ് ഈ അമ്മയും മകനും വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത്.
Story highlights: Man Stolen As Baby Reunited With Birth Mum after 38 Years