‘ഇതൊരു അപൂർവ ജന്മം തന്നെയാണ്’; മേഘ്നകുട്ടിയെ വാനോളം പുകഴ്ത്തി പാട്ട് വേദി..

April 8, 2022

ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്‌നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്.

ഇപ്പോൾ മേഘ്നകുട്ടിയുടെ പാട്ടിന് ശേഷം ജഡ്ജസ് നൽകിയ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ മനം കവരുന്നത്. 1978 ൽ പുറത്തിറങ്ങിയ ‘ഇതാ ഇവിടെ വരെ’ എന്ന ചിത്രത്തിലെ ദേവരാജൻ മാസ്റ്റർ സംഗീതം നൽകി യൂസഫലി കേച്ചേരി രചന നിർവഹിച്ച ‘എന്തോ ഏതോ’ എന്ന് തുടങ്ങുന്ന ഗാനമാണ് മേഘ്നകുട്ടി അതിമനോഹരമായി വേദിയിൽ ആലപിച്ചത്. ഇതിന് ശേഷമാണ് ജഡ്ജസ് കൊച്ചു ഗായികയെ അടുത്ത് വിളിച്ചിരുത്തി പ്രശംസിച്ചത്. 3 ജഡ്ജസും മികച്ച അഭിപ്രായമാണ് മേഘ്നകുട്ടിയുടെ പാട്ടിന് നൽകിയത്.

മലയാളികളുടെ പ്രിയ ഗായകനായ എം ജി ശ്രീകുമാറാണ് മേഘ്നകുട്ടിക്ക് ഏറ്റവും മികച്ച പ്രശംസ നൽകിയത്. ഇതൊരു അപൂർവ ജന്മമാണ് എന്നാണ് മേഘ്നയെ പറ്റി ഗായകൻ തമാശയായി പറഞ്ഞത്. പ്രൊഫഷണൽ ഗായകർ അവരുടെ ആലാപനത്തിനിടയിൽ പ്രയോഗിക്കുന്ന പല കാര്യങ്ങളെ പറ്റിയും മേഘ്‌നയ്ക്ക് ഈ ചെറുപ്രായത്തിൽ തന്നെ നല്ല ബോധ്യമുണ്ടെന്നും ജഡ്ജസ് അഭിപ്രായപ്പെട്ടു. പ്രേക്ഷകർക്ക് മറക്കാനാവാത്ത അമൂല്യ നിമിഷങ്ങളാണ് പലപ്പോഴും ടോപ് സിംഗർ വേദിയിൽ അരങ്ങേറാറുള്ളത്. അത്തരത്തിലൊരു നിമിഷമായി മാറുകയായിരുന്നു ഇതും.

മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്.

Read More: സ്വപ്നങ്ങളുമായി കോളേജിലേക്ക് പോകുമ്പോൾ സംഭവിച്ച ടാങ്കർ ലോറി അപകടത്തിൽ കാല് നഷ്ടമായി; ഗുരുതരാവസ്ഥയിൽ അമ്മയും- വെള്ളാരംകണ്ണുമായി പൊരുതിനേടാനെത്തിയ പത്മപ്രിയയുടെ കഥ

എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്താറുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.

Story Highlights: Meghna gets praise from judges