ആലാപനവും നൃത്തചുവടുകളുമായി പാട്ട് വേദിയെ വിസ്മയിപ്പിച്ച് മിയകുട്ടി..
1975-ൽ പുറത്തിറങ്ങിയ ക്ലാസിക് മലയാള ചിത്രമാണ് ‘നീലപൊന്മാൻ.’ മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിനൊപ്പം കെപിഎസി ലളിതയും, അടൂർ ഭാസിയും അഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉദയ സ്റ്റുഡിയോസിന്റെ സ്ഥാപകൻ കൂടിയായിരുന്ന കുഞ്ചാക്കോയാണ്.
ഈ ചിത്രത്തിലെ വളരെ പ്രശസ്തമായ ഗാനമാണ് “തെയ്യം തെയ്യം താരേ..” എന്ന് തുടങ്ങുന്ന ഗാനം. വയലാർ രാമവർമ്മ എഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സലീൽ ചൗധരിയാണ്. പി ജയചന്ദ്രനും, പി സുശീലയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗാനവുമായി പാട്ട് വേദിയിലെത്തിയിരിക്കുകയാണ് ടോപ് സിംഗറിലെ കൊച്ചു ഗായിക മിയകുട്ടി.
പാട്ട് വേദിയിലെ കൊച്ചു പാട്ടുകാർക്കൊക്കെ വലിയ ആരാധകരാണ് പ്രേക്ഷകർക്കിടയിലുള്ളത്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക.
മിയകുട്ടി ഈ ഗാനവുമായി എത്തിയപ്പോൾ പ്രേക്ഷകർക്കും വേദിയിലെ വിധികർത്താക്കൾക്കും ഹൃദ്യമായ ഒരു നിമിഷമായി അത് മാറുകയായിരുന്നു. മനോഹരമായ ആലാപനത്തോടൊപ്പം പ്രേക്ഷകരുടെ മനം കവർന്ന നൃത്തചുവടുകളും മിയകുട്ടി വേദിയിൽ കാഴ്ചവെച്ചു.
അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.
Story Highlights: Miya’s wonderful performance