ഭാര്യയെ ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിക്കുന്ന വൃദ്ധൻ, ഹൃദയഭേദകം ഈ കാഴ്ച

April 6, 2022

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ചില ചിത്രങ്ങളും വിഡിയോകളുമൊക്കെ കാഴ്ചക്കാരുടെ കണ്ണുകൾ നിറയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. ടെക്‌നോളജി ഇത്രയധികം വളർന്നിട്ടും, മനുഷ്യൻ ഇത്രയധികം സുഖസൗകര്യങ്ങളിലൂടെ ജീവിക്കാൻ തുടങ്ങിയിട്ടും ഇന്നും ഒരു വാഹന സൗകര്യം പോലുമില്ലാത്ത ഇടങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. സൗകര്യങ്ങൾ ഉണ്ടായിട്ടും അത് ഉപയോഗപ്രദമാകാത്ത ആളുകളും നമുക്കിടയിൽ ഉണ്ട്. ഇപ്പോഴിതാ സമൂഹത്തിന് മുഴുവൻ വേദനയാകുകയാണ് അസുഖബാധിതയായ ഭാര്യയെ ഉന്തുവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ഒരു വൃദ്ധന്റെ ചിത്രം.

ഉത്തര്‍പ്രദേശിലെ ബലിയ എന്ന സ്ഥലത്താണ് സംഭവം. യുപി തലസ്ഥാനമായ ലക്‌നൗവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ബലിയ എന്ന പ്രദേശം. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇപ്പോഴും ഇല്ലാത്ത ഈ ഇടത്തിൽ നിന്നുമാണ് സ്വന്തം ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ ഉന്തുവണ്ടി ഉപയോഗിക്കുന്ന സകുൽ എന്ന വൃദ്ധന്റെ ചിത്രങ്ങൾ വൈറലാകുന്നത്. രോഗിയായ ഭാര്യയെ സകുൽ അടുത്തുള്ള പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ അവർക്ക് ആവശ്യമായ ചികിത്സാ നൽകാനുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നു. അതിനാൽ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ ഡോക്‌ടർമാർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ അപ്പോഴും അതിനുള്ള വാഹന സൗകര്യം അവിടെ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ എങ്ങനെയും സ്വന്തം ഭാര്യയെ രക്ഷിക്കാൻ ഉണ്ടുവണ്ടി തിരഞ്ഞെടുക്കുകയിരുന്നു സകുൽ.

ഏകദേശം പതിനഞ്ച് കിലോമീറ്ററോളം ദൂരമാണ് സകുൽ ഉണ്ടുവണ്ടിയിൽ ഭാര്യയെ കൊണ്ടുപോയത്. ഈ സമയത്തിനുള്ളിൽ രോഗം മൂർച്ഛിച്ച് ഇവർ അവശനിലയിലായിലായി. ചികിത്സയ്ക്ക് കാത്ത് നിൽക്കാതെ ഇവർ മരണത്തിന് കീഴങ്ങുകയായിരുന്നു.

Read also: ഗൂഗിൾ മാപ്പിൽ കണ്ടെത്തിയത് നിഗൂഢ രക്ത തടാകം, വൈറലായ ചിത്രത്തിന് പിന്നിൽ…

അസുഖബാധിതയായ ഭാര്യയെ ആശുപത്രിയിലേക്ക് കൈവണ്ടിയില്‍ ഉരുട്ടിക്കൊണ്ട് പോകുന്ന വൃദ്ധന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒരു വേദനയായി അവശേഷിക്കുകയാണ്. അതേസമയം ചിത്രം വൈറലായതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രിയും ഉത്തരവിട്ടിട്ടുണ്ട്.

Story highlights: Old Man carries wife to the hospital in a handcart