കെജിഎഫ് 2 വിനൊപ്പം പടമിറക്കുന്നത് റിസ്‌ക്കല്ലേയെന്ന് ചോദ്യം; വൈറലായി പിഷാരടിയുടെ മറുപടി

April 19, 2022

ഈ വിഷു – ഈസ്റ്റർ സീസണിൽ കേരളത്തിലെ തിയേറ്ററുകൾ ഭരിച്ചത് രണ്ട് അന്യഭാഷാ ചിത്രങ്ങളാണ്. വിഷുവിന് മുൻപ് തിയേറ്ററുകളിലെത്തിയ വിജയിയുടെ ‘ബീസ്റ്റും’ യാഷിന്റെ ‘കെജിഎഫ് 2’ വും കേരളത്തിൽ വലിയ വിജയമായി മാറുകയായിരുന്നു. ‘ബീസ്റ്റ്’ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണം നേടിയപ്പോൾ ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളിൽ കെജിഎഫ് തരംഗം ആഞ്ഞടിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.

ഇതിനിടയിൽ മലയാള ചിത്രങ്ങളുടെ റീലീസൊന്നും ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ രമേശ് പിഷാരടിയുടെ ‘നോ വേ ഔട്ട്’ റിലീസിനൊരുങ്ങുകയാണ്. കേരളത്തിലെ തിയേറ്ററുകളിൽ ‘കെജിഎഫ് 2’ തകർത്തോടുമ്പോഴാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഓർമിപ്പിച്ചു കൊണ്ട് പിഷാരടി ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് താഴെ വന്ന ഒരു കമൻറ്റിന് പിഷാരടി നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

‘‘കെജിഎഫ് 2 തീ മഴ സൃഷ്ട്ടിക്കുമ്പോ ഇത് പോലെയുള്ള കൊച്ചു സിനിമകൾ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലെ ചേട്ടായി” എന്ന ആരാധകന്റെ ചോദ്യത്തിനാണ് ‘ആർക്ക്; റോക്കി ഭായിക്കോ?’ എന്ന് പിഷാരടി മറുപടിയായി ചോദിച്ചത്. പിഷാരടിയുടെ മറുപടി സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

Read More: കെപിഎസിയുടെ നാടകഗാനവുമായി പാട്ട് വേദിയിൽ ശ്രീനന്ദ..

അതേ സമയം കേരളത്തിലെ തിയേറ്ററുകളിലും കെജിഎഫ് 2 റെക്കോർഡ് കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. നാല് ദിവസം കൊണ്ട് ചിത്രം 28 കോടി നേടിയാണ് റെക്കോർഡിട്ടിരിക്കുന്നത്. കേരളത്തിൽ ചിത്രം നേടിയ വിജയവും ബോക്‌സോഫിസ് കളക്ഷനും അവിശ്വസനീയമാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല തൻറെ ട്വീറ്റിൽ പറയുന്നത്. അഞ്ച് ദിവസം കൊണ്ട് 9.8 കോടി നേടിയ വിജയ് ചിത്രം ‘ബീസ്റ്റിനെ’ ബഹുദൂരം പിന്നിലാക്കിയാണ് കെജിഎഫ് 2 വിന്റെ തേരോട്ടം.

Story Highlights: Pisharady gives funny reply to a facebook comment