മൂന്ന് മാസം പ്രായമായ കുഞ്ഞിന് വീട്ടിൽ തുണയ്ക്ക് ആരുമില്ല; ജയിലിലായ അമ്മയ്ക്ക് അരികിലേക്ക് കുഞ്ഞിനെ എത്തിച്ച് പൊലീസ്
പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയുടെ ആവശ്യപ്രകാരം വീട്ടിൽ തനിച്ചായ കുഞ്ഞിനെ അമ്മയ്ക്കൊപ്പം എത്തിച്ച പൊലീസ് അധികൃതരെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഈ യുവതിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങലും ഒപ്പം കുഞ്ഞിനെ സംരക്ഷിക്കാം മനസ് കാണിച്ച പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവതിയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് വീട്ടിൽ തനിച്ചായ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ യുവതിയുടെ അടുത്തേക്ക് എത്തിച്ച അധികൃതർക്ക് മുന്നിൽ നിറഞ്ഞ് കൈയടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ സുഹൃത്തുക്കളും.
അയൽവക്കത്തെ സ്ത്രീയുമായി ഉണ്ടായ കശപിശയെത്തുടർന്നാണ് ദുബായ് പൊലീസ് ഈ യുവതിയെ അറസ്റ്റ് ചെയ്തത്. ജയിലിലായ സ്ത്രീ തനിക്ക് മൂന്ന് മാസം മാത്രം പ്രായമായ ഒരു കുഞ്ഞുണ്ടെന്നും ബന്ധുക്കൾ ആരുമില്ലാത്തതിനാൽ കുഞ്ഞ് വീട്ടിൽ തനിച്ചാണെന്നും പൊലീസിനെ അറിയിച്ചു. ഉടൻതന്നെ യുവതി പറഞ്ഞത് സത്യമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഒരു മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിനെ ഇവിടേക്ക് എത്തിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കി.
പിന്നീട് കുട്ടിയെ കാണിച്ച ശേഷം യുവതിയെ ദുബായിലെ വനിതകളുടെ ജയിലിലേക്ക് മാറ്റി. അവിടെ കുഞ്ഞുങ്ങളെ പരിപാലിക്കാനായി ഒരുക്കിയ സ്ഥലത്തേക്ക് കുഞ്ഞിനേയും മാറ്റി. ഇപ്പോൾ ദിവസത്തിൽ ഒരിക്കൽ അമ്മയ്ക്ക് കുട്ടിയെ വന്ന് കാണാനുള്ള സൗകര്യമുണ്ട്. കുഞ്ഞിനെ നോക്കുന്നതിനായി ഇവിട ആയമാരെയും ഏർപ്പാട് ചെയ്തിട്ടുണ്ട്. അതേസമയം പൊലീസ് ഓഫീസറുമാർ കാണിച്ച പരിഗണനയ്ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ഈ യുവതി. ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ പൊലീസ് മനസ് കാണിച്ചതിൽ സന്തോഷമുണ്ടെന്നും ഈ യുവതി പ്രതികരിച്ചു.
Read also: വംശനാശം സംഭവിച്ചുവെന്ന് കരുതിയ പൂവ് 40 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി
അതേസമയം കുഞ്ഞുങ്ങൾക്ക് കഴിയാൻ പറ്റിയ ഇടമില്ല ജയിൽ എന്നും എന്നാൽ പ്രത്യേക സന്ദർഭങ്ങളിൽ ഇവിടെ എത്തപ്പെടുന്ന ഇത്തരം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഇവിടെ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വനിത ജയിൽ ഡയറക്ടർ കേണൽ ജമീല അൽ സാബി പറഞ്ഞു.
Story highlights: police reunite infant with arrested mother