ഇന്ത്യ-പാക്ക് ഭായി ഭായി; ഇന്ത്യൻ താരം ചേതേശ്വർ പൂജാരയും പാകിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാനും ഒരേ ടീമിൽ

April 15, 2022

കൗണ്ടി ക്രിക്കറ്റ് ഒരു അപൂർവ സന്ദർഭത്തിനാണ് ഇപ്പോൾ സാക്ഷിയായിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെയും പാകിസ്ഥാനിലെയും താരങ്ങൾ ഒരേ ടീമിൽ കളിക്കുന്നതിനാണ് കൗണ്ടി ക്രിക്കറ്റിൽ അവസരം ഒരുങ്ങിയിരിക്കുന്നത്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഇംഗ്ലീഷ് ടീം സസ്സെക്സിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ച് കളിക്കാൻ പോവുന്നത്.

ഇന്ത്യയുടെ വന്മതിലായിരുന്ന രാഹുൽ ദ്രാവിഡിന്റെ പിന്മുറക്കാരാണെന്നാണ് ചേതേശ്വർ പൂജാര അറിയപ്പെടുന്നത്. ദ്രാവിഡിന്റെ ബാറ്റിങ്ങിനെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് പൂജാരയും ബാറ്റ് ചെയ്യുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം പ്രതിസന്ധി നേരിട്ട പല സന്ദർഭങ്ങളിലും ദ്രാവിഡിനെ പോലെ പൂജാരയും ടീമിന്റെ രക്ഷകനായി മാറിയിട്ടുണ്ട്. പാകിസ്ഥാന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് മുഹമ്മദ് റിസ്‌വാൻ.

ഇപ്പോൾ സസ്സെക്സ് ടീം തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമാണ് വൈറലാവുന്നത്. താരങ്ങളുടെ അരങ്ങേറ്റത്തെ പറ്റിയുള്ള അടികുറിപ്പോടെയാണ് സസ്സെക്സ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലോകത്താകെയുള്ള ക്രിക്കറ്റ് പ്രേമികളും ആരാധകരും ഇപ്പോൾ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു പരമ്പര നടന്നിട്ട് വർഷങ്ങളായിരിക്കുന്നു. അതിനാൽ തന്നെ ഇരു താരങ്ങളും ഒരുമിച്ച് കളിക്കുന്നത് വലിയ ആവേശത്തോടെയാണ് ഇരു രാജ്യങ്ങളിലേയും കളിപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.

Read More: ഒരോവറിൽ തുടർച്ചയായി 4 സിക്സറുകൾ പറത്തി യുവതാരം; ഡിവില്ലിയേഴ്‌സിന്റെ പിന്മുറക്കാരനെന്ന് ആരാധകർ-വിഡിയോ

ഇത് അഞ്ചാം തവണയാണ് പൂജാര കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നത്. നേരത്തെ ഡെര്‍ബിഷെയര്‍, യോര്‍ക്ക്‌ഷെയര്‍, നോട്ടിംഗ്ഹാംഷെയര്‍ എന്നീ ടീമുകൾക്ക് വേണ്ടിയും പൂജാര കളിച്ചിരുന്നു.ഇതാദ്യമായാണ് സസ്സെക്സ് ടീമിന് വേണ്ടി താരം കളിക്കുന്നത്. അതേ സമയം ഇതാദ്യമായാണ് മുഹമ്മദ് റിസ്‌വാൻ കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നത്.

Story Highlights: Poojara and mohammad rizvan playing for the same team