റോക്കി ഭായി സ്റ്റൈലിൽ പൃഥ്വിരാജ്- സഹാറയിൽ നിന്നും ആടുജീവിതത്തിന്റെ വിശേഷങ്ങളുമായി താരം
ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തെന്നിന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ ആവേശമായ കെജിഎഫ്-2 വിലെ യാഷിന്റെ ഡയലോഗിന് അനുസ്മരിച്ചുകൊണ്ടുള്ള പൃഥ്വിയുടെ ഡയലോഗാണ് ഏറെ കൗതുകമാകുന്നത്.
കെജിഎഫിലെ നായകൻ റോക്കി ഭായി പറയുന്ന ‘വയലൻസ്.. വയലൻസ്’ എന്ന ഡയലോഗിനെ ഓര്‍മിപ്പിച്ചാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. ‘നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, എനിക്ക് നൈറ്റ് ഷൂട്ട് ഇഷ്ടമല്ല, ഞാനത് ഒഴിവാക്കും. പക്ഷേ മിസ്റ്റര്‍ ബ്ലസ്സിക്ക് അതാണ് ഇഷ്ടം. അതുകൊണ്ട് എനിക്കും അത് ഒഴിവാക്കാനാകില്ല’- എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. അതേസമയം ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി സഹാറ മരുഭൂമിയിൽ എത്തിയപ്പോഴുള്ള അനുഭവമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.
‘ആടുജീവിതം’ എന്ന ചിത്രം ഷൂട്ടിംഗ് പൂർത്തിയാകും മുൻപ് തന്നെ വാർത്തകളിൽ നിറഞ്ഞതാണ്. സിനിമയ്ക്കായുള്ള പൃഥ്വിരാജിന്റെ രൂപ മാറ്റവും ലോക്ക് ഡൗണിനെ തുടർന്ന് സിനിമയുടെ അണിയറപ്രവർത്തകർ ജോർദാനിൽ കുടുങ്ങിയതുമൊക്കെ സിനിമാലോകം ആകാംക്ഷയോടെയാണ് ചർച്ചചെയ്തതാണ്. സിനിമയുടെ ജോര്‍ദ്ദാനിലെ ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് അള്‍ജീരിയയിലേക്ക് സിനിമയുടെ ഷൂട്ടിംഗിനായി പൃഥ്വിരാജ് അടുത്തിടെ പോയിരുന്നു. മാര്‍ച്ച് 31നാണ് പൃഥ്വിരാജ് അള്‍ജീരിയയിലേക്ക് യാത്ര തിരിച്ചത്. ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണ്‍ മാസത്തോടെ മാത്രമാകും പൃഥ്വിരാജ് തിരിച്ചെത്തുക.
സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്ഫില് എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന് അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.
Story highlights: Prithviraj About Aadujeevitham