അപ്രതീക്ഷിതമായെത്തിയ അപകടവും മഹാമാരിയും ജീവിതം മാറ്റിമറിച്ചു; തിരിച്ചുപിടിക്കാൻ വളയം പിടിച്ച് മകൾ, കണ്ടക്ടറായി അച്ഛനും- പ്രചോദനമായ ജീവിതകഥ

April 19, 2022

കൊൽക്കത്ത നഗരത്തിലെ തിരക്കേറിയ റോഡിലൂടെ എളുപ്പത്തിൽ വാഹനം പായിക്കുന്ന ഒരു 21 കാരിയാണ് കല്‍പന മൊണ്ടോള്‍. ഇടുങ്ങിയതും തിരക്കേറിയതുമായ റോഡിലൂടെ അനായാസം വാഹനം ഓടിക്കുന്ന കല്പനയ്ക്കൊപ്പം അതെ ബസിൽ കണ്ടക്ടറായി അവളുടെ അച്ഛനും ഉണ്ട്. കൊൽക്കത്തയിലെ ബസ് ഓടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഡ്രൈവറാണ് കല്പന. ഡ്രൈവറായ അച്ഛനിൽ നിന്നും അതെ തൊഴിൽ പഠിച്ചെടുത്ത കല്പനയ്ക്ക് പക്ഷെ പറയാനുള്ളത് ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ചാണ്.

എട്ടാം വയസിൽ അച്ഛന്റെ മടിയിൽ ഇരുന്ന് ബസിന്റെ വളയം പിടിച്ചുതുടങ്ങിയതാണ് കല്പന. അച്ഛനൊപ്പം ഭാരമുള്ള വാഹങ്ങൾ ഓടിച്ചുതുടങ്ങിയ കല്പനയ്ക്ക് പക്ഷെ കുടുംബത്തിലെ ബുദ്ധിമുട്ട് കാരണം പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കും രണ്ട് സഹോദരന്മാർക്കുമൊപ്പം ഒരു ഒറ്റമുറി വീട്ടിൽ താമസിക്കുമ്പോഴാണ് കല്പനയുടെ അച്ഛന് ഒരു അപകടം സംഭവിക്കുന്നതും കിടപ്പിലാകുന്നതും. ഇതോടെ കുടുംബത്തിന്റെ ആകെയുള്ള വരുമാന മാർഗവും നിലച്ചു. മുന്നോട്ടുള്ള ജീവിതം എങ്ങനെ എന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന ഈ കുടുംബത്തിന് മുന്നിലേക്ക് അച്ഛന്റെ തൊഴിൽ ഏറ്റെടുക്കാം എന്ന തീരുമാനവുമായി കല്പന എത്തി. ഈ തീരുമാനത്തിന് പിന്തുണയുമായി കല്പനയുടെ കുടുംബവും കൂടെയുണ്ടായിരുന്നു.

Read also: ഉടമയുടെ കൈയിലിരുന്ന് അതിമനോഹരമായി പാട്ട് പാടി പക്ഷി; കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന വിഡിയോ

അതേസമയം ലൈസൻസ് ലഭിക്കുന്നതിന് മുൻപ് തന്നെ വാഹനം ഓടിച്ചുതുടങ്ങിയ കല്പനയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് ലൈസൻസ് ലഭിച്ചശേഷം ഇതേ തൊഴിലുമായി അവൾ വീണ്ടുമെത്തി. പക്ഷെ കൊവിഡ് മഹാമാരി കൂടി എത്തിയതോടെ വീണ്ടും ഈ കുടുംബത്തിന്റെ വരുമാനം നിലച്ചു. അപ്പോഴും തോൽക്കാൻ തയാറല്ലാതിരുന്ന കല്പന ഈ ബസ് സ്വന്തമായി വാങ്ങിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ബസ് വാങ്ങിയ കല്പന അപകടത്തിൽ നിന്നും റിക്കവറായി വരുന്ന പിതാവിനെയും ബസിൽ കണ്ടക്ടറായി നിയമിച്ചു. ഇപ്പോൾ ഇരുവരും ചേർന്നാണ് ഓരോ യാത്രകളും. എന്നാൽ പൊലീസ് വകുപ്പില്‍ ഒരു ഡ്രൈവറായി ചേരണമെന്നതാണ് കല്പനയുടെ ആഗ്രഹം. അതിനുള്ള തയ്യാറെടുപ്പിലാണ് ഈ ഇരുപത്തിയൊന്നുകാരി.

Story highlights: the inspiring story of a young woman bus driver