വിജയത്തേരോട്ടം തുടർന്ന് രാജസ്ഥാൻ; ഡൽഹിയെ കീഴടക്കിയത് 15 റൺസിന്
ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ 15 റൺസിന് ഡൽഹിയെ തോൽപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് രാജസ്ഥാൻ കയറുകയും ചെയ്തു.
രാജസ്ഥാൻ ഉയർത്തിയ 223 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 44 റൺസെടുത്ത നായകൻ ഋഷഭ് പന്തും 37 റൺസെടുത്ത പൃഥ്വി ഷായും ഒരു ഘട്ടത്തിൽ ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ റൊവ്മാന് പവലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.
നേരത്തെ 20 ഓവറുകളും തകർത്തടിച്ച രാജസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് നേടിയത്. ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചു കൂട്ടിയിട്ടുള്ള ജോസ് ബട്ലർ തന്നെയാണ് രാജസ്ഥാനെ മുന്നിൽ നിന്ന് നയിച്ചത്. ഗ്രൗണ്ടിൽ ബട്ലറുടെ സംഹാര താണ്ഡവമാണ് കണ്ടത്. ഡൽഹി ബൗളർമാരുടെ പന്തുകൾ തലങ്ങും വിലങ്ങും പായിച്ച ബട്ലർ 65 പന്തിൽ 113 റൺസാണ് അടിച്ചു കൂട്ടിയത്. 35 പന്തിൽ 54 റൺസെടുത്ത മലയാളി താരം ദേവദത്ത് പടിക്കലും മികച്ച പിന്തുണയാണ് ബട്ലർക്ക് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 155 റൺസാണ് അടിച്ചു കൂട്ടിയത്. 15 ഓവറുകളാണ് ഇരുവരും ഡൽഹി ബൗളർമാരെ തകർത്തടിച്ചത്.
പടിക്കൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സഞ്ജുവാണ് അവസാന ഓവറുകളിൽ വെടിക്കെട്ടിന് തിരി കൊളുത്തിയത്. 19 പന്തിൽ 46 റൺസെടുത്ത രാജസ്ഥാൻ നായകന്റെ അവസാന ഓവറുകളിലെ കൂറ്റനടികളാണ് സ്കോർ 200 കടത്തിയത്.
മിക്ക ഡൽഹി ബൗളർമാരും 40 ൽ കൂടുതൽ റൺസ് വഴങ്ങിയിരുന്നു. ഡൽഹിക്ക് വേണ്ടി ഖലീൽ അഹമ്മദും മുസ്തഫിസുർ റഹ്മാനും ഓരോ വിക്കറ്റ് വീതം നേടി.
Story Highlights: Rajasthan defeats delhi by 15 runs