ഒരോവറിൽ 26 റൺസ്; വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു നയിക്കുന്ന രാജസ്ഥാൻ

April 2, 2022

തകർപ്പൻ ഫോമിലാണ് രാജസ്ഥാൻ. ടോസ് നഷ്ടമായെങ്കിലും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് രാജസ്ഥാൻ കാഴ്‌ചവയ്ക്കുന്നത്. 88 റൺസെടുത്ത ജോസ് ബട്ട്ലറും 30 റൺസുമായി സഞ്ജു സാംസണും രാജസ്ഥാനെ മികച്ച സ്കോറിലേക്കാണ് നയിച്ച് കൊണ്ടിരിക്കുന്നത്. 14 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തിരിക്കുന്നത്. ബൗളിങ്ങിൽ മുംബൈക്ക് വേണ്ടി ബുമ്രയും മിൽസും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തിയിട്ടുണ്ട്

നേരത്തെ ബേസിൽ തമ്പി എറിഞ്ഞ ഒരോവറിൽ 3 സിക്സും 2 ഫോറുമടക്കം 26 റൺസാണ് ജോസ് ബട്ട്ലർ അടിച്ചു കൂട്ടിയത്. കൂറ്റനടികളുമായി ബട്ട്ലർ നിറഞ്ഞാടുമ്പോൾ നായകൻറെ പക്വതയുള്ള ബാറ്റിംഗ് കാഴ്‌ചവയ്ക്കുന്ന സഞ്ജു മികച്ച പിന്തുണയാണ് ബട്ട്ലർക്ക് നൽകുന്നത്. രണ്ടാം ജയത്തിനായാണ് രാജസ്ഥാൻ ഇന്നിറങ്ങിയിരിക്കുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ ഡൽഹിയോട് തോറ്റ മുംബൈക്ക് ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വയ്ക്കാനില്ല.

മികച്ച ഒരു ടീമുമായി തന്നെയാണ് സഞ്ജുവിന്റെ രാജസ്ഥാൻ ഈ സീസണിൽ ഇറങ്ങിയിരിക്കുന്നത്. ഓപ്പണർമാരായി ജോസ് ബട്‌ലറും യശസ്വീ ജയ്സ്വാളും ഇറങ്ങുമ്പോൾ മൂന്നാമതായി മലയാളിയായ ദേവ്ദത്ത് പടിക്കലും നാലാമനായി നായകൻ സഞ്ജുവും ഇറങ്ങുന്നു. ലോകോത്തര ബൗളിംഗ് നിരയാണ് രാജസ്ഥാൻ ടീമിന്റെ മറ്റൊരു പ്രത്യേകത. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, ജിമ്മി നീഷം, നേഥൻ കൂൾട്ടർ നൈൽ എന്നിവരടങ്ങുന്ന നിര ഏതൊരു ടീമിന്റെയും പേടിസ്വപ്നമായി മാറുന്ന ബൗളിംഗ് നിരയാണ്.

Read More: ‘ഹയ്യ ഹയ്യ..’; ആവേശമാവാൻ ഖത്തർ ലോകകപ്പ് ഗാനമെത്തി; ഒരുമിച്ച് നിൽക്കണം എന്ന് സന്ദേശം

അതേ സമയം പരിക്കിൽ നിന്ന് മുക്തനായ സൂര്യകുമാർ യാദവ് തിരിച്ചെത്തിയത് മുംബൈക്ക് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്. ആദ്യ മത്സരത്തിൽ ഇഷാൻ കിഷന് പരിക്കേറ്റതാണ് മുംബൈയെ ആശങ്കയിലാക്കിയ മറ്റൊരു പ്രശ്നം. എന്നാൽ ഇഷാനും ആരോഗ്യം വീണ്ടെടുത്തത് മുംബൈക്ക് കൂടുതൽ കരുത്ത് നൽകുന്നുണ്ട്.

Story Highlights: Rajasthan in a good batting position