സഞ്ജുവും രോഹിത്തും നേർക്കുനേർ; മുംബൈ-രാജസ്ഥാൻ മത്സരം ഇന്ന് മൂന്നരയ്ക്ക്

April 2, 2022

ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ നേരിടുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസിനെയാണ്. രണ്ടാം ജയത്തിനായാണ് രാജസ്ഥാൻ ഇറങ്ങുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ ഡൽഹിയോട് തോറ്റ മുംബൈക്ക് ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വയ്ക്കാനില്ല.

ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാട്ടിയ ഒരു നിരയുമായാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തിൽ അർധസെഞ്ചുറി നേടി വിജയത്തിന് ചുക്കാൻ പിടിച്ച സഞ്ജു സാംസണിൽ തന്നെയാണ് രാജസ്ഥാൻ ടീമിന്റെ മുഴുവൻ പ്രതീക്ഷകളും. മികച്ച ഒരു ടീമുമായി തന്നെയാണ് സഞ്ജുവിന്റെ രാജസ്ഥാൻ ഈ സീസണിൽ ഇറങ്ങിയിരിക്കുന്നത്. ഓപ്പണർമാരായി ജോസ് ബട്‌ലറും യശസ്വീ ജയ്സ്വാളും ഇറങ്ങുമ്പോൾ മൂന്നാമതായി മലയാളിയായ ദേവ്ദത്ത് പടിക്കലും നാലാമനായി നായകൻ സഞ്ജുവും ഇറങ്ങും.

ലോകോത്തര ബൗളിംഗ് നിരയാണ് രാജസ്ഥാൻ ടീമിന്റെ മറ്റൊരു പ്രത്യേകത. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, ജിമ്മി നീഷം, നേഥൻ കൂൾട്ടർ നൈൽ എന്നിവരടങ്ങുന്ന നിര ഏതൊരു ടീമിന്റെയും പേടിസ്വപ്നമായി മാറുന്ന ബൗളിംഗ് നിരയാണ്.

അതേ സമയം പരിക്കിൽ നിന്ന് മുക്തനായ സൂര്യകുമാർ യാദവ് തിരിച്ചെത്തുന്നത് മുംബൈക്ക് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്. ആദ്യ മത്സരത്തിൽ ഇഷാൻ കിഷന് പരിക്കേറ്റതാണ് മുംബൈയെ ആശങ്കയിലാക്കിയ മറ്റൊരു പ്രശ്നം. എന്നാൽ ഇഷാനും ആരോഗ്യം വീണ്ടെടുത്തത് മുംബൈക്ക് കൂടുതൽ കരുത്ത് നൽകുന്നുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുംബൈ ഇന്ന് കരുത്തരായ രാജസ്ഥാനെ നേരിടാനിറങ്ങുന്നത്.

Read More: രൗദ്രം ഈ ഗർജ്ജനം; ലഖ്‌നൗവിന്റെ വിജയത്തിന് ശേഷമുള്ള ഗംഭീറിന്റെ പ്രതികരണം വൈറൽ

ഐപിഎല്ലിൽ ഇത് വരെ 25 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ 13 തവണ മുംബൈ വിജയിച്ചപ്പോൾ 11 തവണ ജയം രാജസ്ഥാനൊപ്പമായിരുന്നു.

Story Highlights: Rajasthan vs mumbai ipl match