കണക്ക് തീർത്ത് നേടിയ വിജയം; ബാംഗ്ലൂരിനെതിരെ നേടിയ തകർപ്പൻ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി രാജസ്ഥാൻ റോയൽസ്
ബാംഗ്ലൂരിനെതിരെ മിന്നുന്ന ജയമാണ് സഞ്ജുവിന്റെ രാജസ്ഥാൻ നേടിയിരിക്കുന്നത്. 29 റൺസിനാണ് രാജസ്ഥാൻ ആർസിബിയെ തോൽപ്പിച്ചത്. ഇതോടെ ബാംഗ്ലൂരിനെതിരെയുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് കണക്ക് തീർക്കാനും രാജസ്ഥാന് കഴിഞ്ഞു. ജയത്തോടെ പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.
നേരത്തെ 31 പന്തിൽ 56 റൺസ് നേടിയ പരാഗിന്റെയും 21 പന്തിൽ 27 റൺസ് അടിച്ചെടുത്ത നായകൻ സഞ്ജു സാംസണിന്റെയും കരുത്തിലാണ് 8 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് രാജസ്ഥാൻ അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 19.3 ഓവറില്‍ 115 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്നും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര് അശ്വിനുമാണ് ആർസിബിയെ തകര്‍ത്തത്.
അതേ സമയം ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ തുടക്കത്തിൽ അടി പതറിയ രാജസ്ഥാൻ റോയൽസിനെ റിയാന്‍ പരാഗ് ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു.രണ്ട് വിക്കറ്റ് വീതം നേടിയ ആർസിബിയുടെ മുഹമ്മദ് സിറാജ്, വാനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് രാജസ്ഥാൻ ബാറ്റിംഗ് നിരയെ തകർത്തത്. പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന് 3 വിക്കറ്റ് നഷ്ടമായിരുന്നു. ഒരു ഘട്ടത്തിൽ 3 വിക്കറ്റിന് 33 റൺസ് എന്ന നിലയിൽ പകച്ചു നിന്ന രാജസ്ഥാനെ നായകൻ സഞ്ജു സാംസണാണ് കര കയറ്റിയത്. ആരാധകരെ ആവേശം കൊള്ളിച്ച 3 സിക്സറുകൾ പായിച്ച സഞ്ജു ഹസരങ്കയുടെ പന്തില്‍ ബൗൾഡ് ആയതോട് കൂടി രാജസ്ഥാൻ വീണ്ടും പ്രതിസന്ധിയിലായി.
Read More: ‘ഭാവിയിൽ ജഡേജ ഇന്ത്യൻ ടീമിനെ നയിക്കും’; പ്രവചനവുമായി ചെന്നൈ താരം
പിന്നീട് 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിൽ തകർന്ന് നിന്ന രാജസ്ഥാൻ റോയൽസിനെ ഒറ്റയാൾ പോരാട്ടം നടത്തിയാണ് പരാഗ് 144 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പരാഗിന്റെ അവസാന ഓവറുകളിലെ തകർപ്പൻ അടിയാണ് രാജസ്ഥാന് മാന്യമായ സ്കോർ നൽകിയത്.
Story Highlights: Rajasthan wins against bangalore by 29 runs