ത്രില്ലർ സിനിമകളെ അനുസ്‌മരിപ്പിക്കുന്ന വിജയം; സഞ്ജുവിന്റെ രാജസ്ഥാൻ കീഴടക്കിയത് തുടർ ജയങ്ങളുമായി എത്തിയ ലഖ്‌നൗവിനെ

April 11, 2022

ക്ലൈമാക്സ് വരെ ആളുകളെ മുൾ മുനയിൽ നിർത്തുന്ന ഒരു സസ്പെൻസ് ത്രില്ലർ സിനിമയെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു ഇന്ന് രാജസ്ഥാനും ലഖ്‌നൗവും തമ്മിൽ ഏറ്റുമുട്ടിയ മത്സരം. അവസാന ഓവർ വരെ നീണ്ട ആവേശത്തിനൊടുവിൽ അന്തിമ വിജയം രാജസ്ഥാൻ തന്നെ നേടിയെടുത്തു. മാർക്കസ് സ്‌റ്റോയ്‌നിസിന്റെ അവസാന ഓവറുകളിലെ ഒറ്റയാൾ പോരാട്ടത്തിനും ലഖ്‌നൗവിനെ രക്ഷിക്കാനായില്ല.

അവസാന ഓവറിൽ ജയിക്കാൻ 15 റൺസായിരുന്നു ലഖ്‌നൗവിന് വേണ്ടിയിരുന്നത്. ഈ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച കുൽദീപ് സെന്നിനെയാണ് അവസാന ഓവർ എറിയാൻ നായകൻ സഞ്ജു സാംസൺ വിളിച്ചത്. അതിന് മുൻപുള്ള ഓവറുകളിൽ അടിച്ചു തകർത്ത സ്‌റ്റോയ്‌നിസ് രണ്ടും കൽപ്പിച്ച് തന്നെയാണ് നിന്നത്. കുൽദീപിന്റെ ആദ്യ പന്തിൽ ആവേശ് ഖാൻ സിംഗിളെടുത്ത് സ്ട്രൈക്ക് സ്‌റ്റോയ്‌നിസിന് കൈമാറി.

എന്നാൽ അടുത്ത 3 പന്തുകളിലും താരത്തിന് ഒരു റൺ പോലും എടുക്കാൻ കഴിഞ്ഞില്ല. അവസാന 2 പന്തുകളിൽ സ്‌റ്റോയ്‌നിസ് ബൗണ്ടറിയും സിക്സും നേടിയെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ ലഖ്‌നൗവിന്റെ കൈ വിട്ട് പോയിരുന്നു. രാജസ്ഥാന്റെ 166 റൺസിന്റെ വിജയലക്ഷ്യം പിന്നിട്ട ലഖ്‌നൗവിന് 20 ഓവർ അവസാനിച്ചപ്പോൾ 162 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ 2 ലഖ്‌നൗ താരങ്ങളെ രാജസ്ഥാന്റെ ട്രെന്‍റ് ബോള്‍ട്ട് പവലിയനിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാൽ 4 വിക്കറ്റ് പിഴുത യുസ്‌വേന്ദ്ര ചാഹലാണ് ലഖ്‌നൗ ബാറ്റിങ്ങിനെ തകർത്തത്. ചാഹൽ തന്നെയാണ് കളിയിലെ കേമനായത്.

അതേ സമയം രാജസ്ഥാന്റെ അവസാന ഓവറുകളിൽ കണ്ടത് ഷിംറോൺ ഹെറ്റ്മയറിന്റെ ഒറ്റയാൻ പ്രകടനമായിരുന്നു. ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും സിക്സറുകൾ പറത്തി താണ്ഡവമാടുന്ന ഹെറ്റ്മയറിന് മുൻപിൽ ലഖ്‌നൗ പകച്ച് നിൽക്കുന്ന കാഴ്‌ചയാണ് ആരാധകർ കണ്ടത്. 6 സിക്സറുകളാണ് താരം പായിച്ചത്. താരത്തിന്റെ അതിവേഗ അർധസെഞ്ചുറിയുടെ ബലത്തിലാണ് രാജസ്ഥാൻ 20 ഓവറിൽ 165 റൺസെടുത്തത്. ലഖ്‌നൗവിന് വേണ്ടി ജേസൺ ഹോൾഡറും കൃഷ്ണപ്പ ഗൗതമും 2 വിക്കറ്റുകൾ വീതം നേടിയപ്പോൾ ആവേശ് ഖാൻ 1 വിക്കറ്റ് നേടി.

Read More: ഡൽഹിക്ക് 44 റൺസിന്റെ മിന്നും ജയം; കൊൽക്കത്തയെ തകർത്തത് കുൽദീപും ഖലീലും

ഇരുടീമുകളും ചില മാറ്റങ്ങളോടെയാണ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. ലഖ്നൗ ടീമില്‍ എവിന്‍ ലൂയിസിന് പകരം മാര്‍ക്കസ് സ്റ്റോയിനിസും ആന്‍ഡ്ര്യു ടൈക്ക് പകരം ചമീരയും ഇന്ന് കളിക്കാനിറങ്ങിയിട്ടുണ്ട്. അതേ സമയം രാജസ്ഥാൻ ടീമിൽ നവദീപ് സെയ്നിക്ക് പകരം കുല്‍ദീപ് സെന്നും യശസ്വി ജയ്‌സ്വാളിന് പകരം റാസി വാന്‍ഡര്‍ ഡസ്സനും അന്തിമ ഇലവനിലെത്തി.

Story Highlights: Rajasthan’s win against lucknow resembles a thriller movie