‘ക്രിക്കറ്റ് പോലെ ധോണിക്ക് പ്രിയപ്പെട്ടതാണ് ആ കായികയിനം, അതിൽ നിന്ന് അയാളെ വേർപ്പെടുത്തുക അസാധ്യം’; വെളിപ്പെടുത്തി മുൻ പരിശീലകൻ രവി ശാസ്ത്രി
ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഇതിഹാസ ക്രിക്കറ്റ് താരങ്ങൾക്കൊപ്പമാണ് ആരാധകരുടെ മനസ്സിൽ ധോണിയുടെ സ്ഥാനം. ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച എക്കാലത്തെയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയാണ് ധോണി. ക്രിക്കറ്റിനെ ജീവവായു പോലെ സ്നേഹിക്കുന്ന ധോണിയുടെ മറ്റൊരു ഇഷ്ടത്തെ പറ്റി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായിരുന്ന രവി ശാസ്ത്രി.
ക്രിക്കറ്റ് പോലെ ഫുട്ബോളിനോടും ധോണിക്ക് വലിയ ഇഷ്ടമുണ്ടെന്നാണ് രവി ശാസ്ത്രി പറയുന്നത്. ധോണി ഫുട്ബോൾ കളിക്കാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ കാണുന്നവർക്ക് പേടി തോന്നുന്ന രീതിയിലാണ് അദ്ദേഹം ഫുട്ബോൾ കളിക്കുന്നതെന്നും ശാസ്ത്രി പറയുന്നു. പലപ്പോഴും പ്രധാന മത്സരങ്ങൾക്ക് മുൻപ് ധോണി ഫുട്ബോൾ കളിക്കുന്നത് കണ്ട് തനിക്ക് വലിയ ആശങ്കയുണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് രവി ശാസ്ത്രി. ഇന്ത്യയുടെ ഏറ്റവും മികച്ച താരത്തിന് പരിക്കേൽക്കുമോ എന്നോർത്താണ് താൻ പേടിച്ചിട്ടുള്ളതെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.
ഏഷ്യ കപ്പ് ഫൈനലിന് മുൻപുള്ള ഒരു സംഭവവും രവി ശാസ്ത്രി ഓർത്തെടുക്കുന്നു. “ഏഷ്യാകപ്പ് ഫൈനല്‍ ടോസിന്റെ അഞ്ച് മിനിറ്റ് മുമ്പ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ധോണി വീണിരുന്നു. എനിക്ക് ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നു. കളി നിര്‍ത്താന്‍ ദേഷ്യത്തോടെ ആവശ്യപ്പെട്ടു. ഞാനെൻറെ ജീവിതത്തില്‍ ഇത്ര ഉച്ചത്തിൽ സംസാരിച്ചിട്ടില്ല. പാകിസ്ഥാന്‍ പോലെയുള്ള ഒരു ടീമിനെതിരെ ഫൈനലിന് തൊട്ടുമുമ്പ് പ്രധാന താരത്തെ നഷ്ടപ്പെടാന്‍ ഒരു പരിശീലകനും ആഗ്രഹിക്കില്ല. എന്നാല്‍ ഫുട്‌ബോളില്‍ നിന്ന് ധോണിയെ വേര്‍പിരിക്കുക എളുപ്പമല്ല.” ശാസ്ത്രി പറഞ്ഞു.
Read More: രണ്ട് കാര്യങ്ങൾ സംഭവിച്ചാൽ ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തുമെന്ന് ഹർഭജൻ സിംഗ്..
അതേ സമയം തുടർച്ചയായ നാലാം പരാജയമാണ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ ഏറ്റുവാങ്ങിയത്. ചെന്നൈ ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് മറികടന്നു.
Story Highlights: Ravi shasthri about dhoni’s passion for football