‘അവിശ്വസനീയം, അസാധാരണം ആ ഓവർ’; കൊൽക്കത്ത-മുംബൈ മത്സരത്തിലെ നിർണായക ഓവറിനെ പറ്റി രവി ശാസ്ത്രി
അവിശ്വസനീയമായ പ്രകടനമാണ് പാറ്റ് കമ്മിൻസ് ഇന്നലെ മുംബൈക്കെതിരെ പുറത്തെടുത്തത്. 14 പന്തിൽ അർധ സെഞ്ചുറിയെടുത്ത കമ്മിൻസാണ് കൊൽക്കത്തയെ മികച്ച വിജയത്തിലേക്കെത്തിച്ചത്. ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ ഫിഫ്‌റ്റിയാണ് കമ്മിൻസ് ഇന്നലെ നേടിയത്.
ഓസ്‌ട്രേലിയൻ താരം ഡാനിയേൽ സാംസെറിഞ്ഞ പതിനാറാമത്തെ ഓവറിലാണ് കമ്മിൻസ് സംഹാര താണ്ഡവമാടിയത്. 4 സിക്സുകളും 2 ബൗണ്ടറികളുമാണ് കമ്മിൻസ് സാംസിന്റെ ഓവറിൽ അടിച്ചു കൂട്ടിയത്. ഈ ഓവറിലെ അവസാന പന്ത് സിക്സ് അടിച്ചാണ് കമ്മിൻസ് കൊൽക്കത്തയ്ക്ക് 5 വിക്കറ്റിന്റെ മിന്നുന്ന വിജയം നേടി കൊടുത്തത്.
ഇപ്പോൾ കമ്മിൻസിനെ പുകഴ്ത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ രവി ശാസ്ത്രിയാണ്. അവിശ്വസനീയമായ പ്രകടനം തന്നെയാണ് കമ്മിൻസ് കാഴ്‌ചവെച്ചിരിക്കുന്നതെന്നാണ് രവി ശാസ്ത്രി പറയുന്നത്. മുംബൈ വിജയിക്കാൻ വളരെ വലിയ സാധ്യതയുണ്ടായിരുന്ന സമയത്താണ് കമ്മിൻസ് വന്ന് കളിയുടെ ഗതി തന്നെ മാറ്റിയത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്തരമൊരു പ്രകടനം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അതൊരു ഭ്രമാത്മകമായ പ്രകടനമാണ്. ഒരോവറില്‍ 35 റണ്‍സടിച്ചത് അസാധാരണമാണ്. 60 ശതമാനം വിജയസാധ്യത മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ കളിയവസാനിച്ചു. ഒരുപാട് മത്സരങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു കളി കാണുന്നത് നീണ്ട കാത്തിരിപ്പിനൊടുവിലാണ്. കമ്മിന്‍സിന്‍റെ ഹിറ്റിംഗ് നോക്കൂ. ഒരു ദൗത്യവുമായാണ് അയാള്‍ വന്നത്. നാല് ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്ത ശേഷം അത്രതന്നെയോ അതിലേറെയോ നേടുമെന്ന് മനസിലുറപ്പിച്ചാണ് അദ്ദേഹം ബാറ്റ് ചെയ്യാനെത്തിയത്. മിസ് ഹിറ്റുകള്‍ ഒന്നുമില്ലാതെ അവിശ്വസനീയമായി കമ്മിന്‍സ് കളിച്ചു’- സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവേ രവി ശാസ്ത്രി പറഞ്ഞു.
Read More: ഏറ്റുമുട്ടാൻ രാഹുലും പന്തും; ഐപിഎല്ലിൽ ഇന്ന് ലഖ്‌നൗവും ഡൽഹിയും നേർക്കുനേർ
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 161 റണ്‍സെടുത്തിരുന്നു.എന്നാൽ പാറ്റ് കമ്മിൻസിന്റെയും വെങ്കടേഷ് അയ്യരുടെയും ബാറ്റിംഗ് മികവിൽ 16 ഓവറിൽ കൊൽക്കത്ത ലക്ഷ്യം നേടുകയായിരുന്നു.
Story Highlights: Ravi Shastri about pat cummins