‘സൂപ്പർമാൻ’ റായുഡു; വൈറലായി അമ്പാട്ടി റായുഡുവിന്റെ ക്യാച്ച്-വിഡിയോ

April 13, 2022

ആരാധകരെ വിസ്മയിപ്പിച്ച ഒരു ക്യാച്ചാണ് ഇന്നലെ ചെന്നൈ-ആർസിബി മത്സരത്തിനിടയിൽ ശ്രദ്ധേയമായത്. ആർസിബിയുടെ ആകാശ് ദീപിനെ പുറത്താക്കാൻ അമ്പാട്ടി റായുഡു പറന്നെടുത്ത ഒറ്റക്കയ്യൻ ക്യാച്ചാണ് ഇപ്പോൾ ചർച്ചാ വിഷയമാവുന്നത്. കണ്ടു നിന്നവർ ഒരു നിമിഷം സംശയിച്ചിട്ടുണ്ടാവും, സൂപ്പർമാനാണോ പറന്നതെന്ന്.

ആർസിബിയുടെ പതിനാറാം ഓവറിലാണ് അത്ഭുത ക്യാച്ച് പിറന്നത്. രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു ബാംഗ്ലൂരിന് വേണ്ടി ഒൻപതാമനായി ഇറങ്ങിയ ആകാശ് ദീപ്. പക്ഷെ ആകാശിന്റെ കണക്ക് കൂട്ടൽ തെറ്റിച്ച് പന്ത് ചെറുതായി പറന്ന് പൊങ്ങുകയായിരുന്നു. ഷോർട് കവറിൽ നിന്നിരുന്ന അമ്പാട്ടി റായുഡു ഡൈവ് ചെയ്‌താണ്‌ ക്യാച്ചെടുത്തത്. ചെന്നൈ ആരാധകരെ ആവേശത്തിലാക്കിയ ഒരു നിമിഷമായി അത് മാറുകയായിരുന്നു.

അതേ സമയം ഇന്നലത്തെ മത്സരത്തിൽ തുടർച്ചയായ 4 തോൽവികൾക്ക് ശേഷമാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഈ ഐപിഎൽ സീസണിലെ ആദ്യ ജയം നേടിയിരിക്കുന്നത്. 23 റൺസിനാണ് ചെന്നൈ ആർസിബിയെ തകർത്തത്. 217 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് 20 ഓവർ പൂർത്തിയായപ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 4 വിക്കറ്റെടുത്ത മഹീഷ് തീക്ഷണയും 3 വിക്കറ്റുകൾ കൊയ്ത ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുമാണ് ആർസിബിയുടെ ബാറ്റിംഗ് നിരയെ തകർത്തത്. 41 റണ്‍സെടുത്ത ഷഹാബാസ് അഹമ്മദാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍.

Read More: ചരിത്രം കുറിക്കാൻ ഹിറ്റ്മാൻ രോഹിത് ശർമ്മ; കാത്തിരിക്കുന്നത് വലിയ റെക്കോർഡ്

നേരത്തെ റോബിൻ ഉത്തപ്പയുടെയും ശിവം ദുബെയുടെയും അതിഗംഭീരം എന്ന് വിശേഷിപ്പിക്കേണ്ട ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ആർസിബിക്കെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് കൂറ്റൻ സ്‌കോർ നേടിയത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഇരുവരും 165 റൺസാണ് ചെന്നൈക്ക് വേണ്ടി അടിച്ചു കൂട്ടിയത്. ഈ സീസണിലെ ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡാണ് ഇതോടെ ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.

Story Highlights: Rayudu’s wonder catch