ചരിത്രം കുറിക്കാൻ ഹിറ്റ്മാൻ രോഹിത് ശർമ്മ; കാത്തിരിക്കുന്നത് വലിയ റെക്കോർഡ്

April 13, 2022

ടി 20 ക്രിക്കറ്റിൽ മികച്ച റെക്കോർഡുകളാണ് രോഹിത് ശർമയുടെ പേരിലുള്ളത്. അന്താരാഷ്ട്ര ടി 20 യിലും ഐപിഎല്ലിലും ഒരേ പോലെ തിളങ്ങിയിട്ടുള്ള രോഹിത്തിന് ഹിറ്റ്മാൻ എന്ന വിളിപ്പേര് വന്നത് തന്നെ ലിമിറ്റഡ് ഓവർ മത്സരങ്ങളിലെ കൂറ്റനടികളിലൂടെയാണ്. ഇപ്പോൾ മറ്റൊരു റെക്കോർഡിന് അരികെയാണ് മുംബൈ ഇന്ത്യൻസിന്റെ നായകൻ കൂടിയായ താരം.

ടി 20 ക്രിക്കറ്റിൽ 10000 റൺസെന്ന റെക്കോർഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 25 റൺസ് മാത്രം അകലെയാണ് രോഹിത്തിന് ഈ ചരിത്രനേട്ടം. ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചാൽ രോഹിത് വിരാട് കോലിക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറും.

ഫോമില്ലായ്‌മ തന്നെയാണ് രോഹിതിന് തലവേദനയാകുന്നത്. കഴിഞ്ഞ 12 ഇന്നിങ്‌സുകളിൽ ഒന്നിൽ പോലും അർധ സെഞ്ചുറി കണ്ടെത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. 2011 ലാണ് രോഹിത് മുബൈയിലെത്തുന്നത്. ഈ സീസണിന് മുൻപ് ഒരിക്കൽ മാത്രമേ ഐപിഎല്ലിൽ മുംബൈക്ക് വേണ്ടി രോഹിത് ഇതേ പോലെ ഫോമൗട്ട് ആയിട്ടുള്ളു. അതിൽ നിന്ന് രോഹിത് കരുത്തനായി തിരിച്ചു വന്നിരുന്നു. അതിനാൽ തന്നെ ഇപ്പോഴത്തെ ഫോമില്ലായ്മയിൽ നിന്നും രോഹിത് ശക്തനായി തിരിച്ചു വരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read More: വിസിൽ പോട്; സീസണിലെ ആദ്യ ജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്

മോശമായ തുടക്കം നേടുമെങ്കിലും പിന്നീട് കരുത്തരായി തിരിച്ചു വന്ന് കപ്പടിക്കാറുള്ള മുംബൈയുടെ ചരിത്രത്തിലാണ് ആരാധകർ ആശ്വാസം കണ്ടെത്തുന്നത്. ഇന്ന് പഞ്ചാബിനെതിരെ പൂനെയിൽ മുംബൈ ഇറങ്ങുമ്പോഴും ഈ ചരിത്രം ആവർത്തിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

അതേ സമയം മുംബൈയെ പോലെ തന്നെ ഒരു ജയം അനിവാര്യമായ ടീമാണ് പഞ്ചാബ് കിങ്‌സ്. പോയിന്റ് ടേബിളിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് പഞ്ചാബ്. അതിനാൽ തന്നെ വാശിയേറിയ പോരാട്ടമായിരിക്കും ഇന്ന് നടക്കുകയെന്നതിൽ തർക്കമില്ല.

Story Highlights: Rohith Sharma near ipl record