‘പരാഗിൽ പൂർണ വിശ്വാസമുണ്ടായിരുന്നു’; ബാംഗ്ലൂരിനെതിരെയുള്ള തകർപ്പൻ വിജയത്തിന് ശേഷം സഞ്ജു സാംസൺ…
മികച്ച വിജയമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള ഇന്നലത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നേടിയത്. താരതമ്യേന കുറഞ്ഞ സ്കോർ ആയിരുന്നിട്ട് കൂടി ബാംഗ്ലൂരിനെ പിടിച്ചു നിർത്താൻ രാജസ്ഥാന് കഴിഞ്ഞു.
മത്സര വിജയത്തിന് ശേഷം വലിയ പ്രശംസയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് ലഭിക്കുന്നത്. സഞ്ജുവിന്റെ നിർണായക തീരുമാനങ്ങളാണ് രാജസ്ഥാനെ മികച്ച വിജയത്തിലേക്ക് നയിച്ചതെന്നാണ് ആരാധകരും കളി നിരീക്ഷകരും വിലയിരുത്തുന്നത്. ബാറ്റിംഗ് തകർച്ച നേരിട്ടിട്ട് പോലും മനസാന്നിധ്യം കൈവിടാതെയാണ് സഞ്ജു ടീമിനെ മുന്നിൽ നിന്ന് നയിച്ചത്.
വിജയത്തിൽ റിയാൻ പരാഗിനുള്ള നിർണായക പങ്കിനെ പറ്റിയാണ് ഇപ്പോൾ സഞ്ജു വാചാലനാവുന്നത്. പരാഗിൽ പൂർണമായ വിശ്വാസമുണ്ടായിരുന്നെന്നാണ് സഞ്ജു പറയുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജസ്ഥാൻ പരാഗിന് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും ഇന്നലെ പരാഗിന്റെ ദിവസമായിരുന്നെന്നുമാണ് സഞ്ജു പറയുന്നത്.
അതേ സമയം ബാംഗ്ലൂരിനെതിരെ മിന്നുന്ന ജയമാണ് സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നലെ നേടിയത്. 29 റൺസിനാണ് രാജസ്ഥാൻ ആർസിബിയെ തോൽപ്പിച്ചത്. 31 പന്തിൽ 56 റൺസ് നേടിയ പരാഗിന്റെയും 21 പന്തിൽ 27 റൺസ് അടിച്ചെടുത്ത നായകൻ സഞ്ജു സാംസണിന്റെയും കരുത്തിലാണ് 8 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് രാജസ്ഥാൻ അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 19.3 ഓവറില്‍ 115 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്നും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര് അശ്വിനുമാണ് ആർസിബിയെ തകര്‍ത്തത്.
Read More: ഇന്ത്യ-പാക്ക് ഭായി ഭായി; ഇന്ത്യൻ താരം ചേതേശ്വർ പൂജാരയും പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാനും ഒരേ ടീമിൽ
ഇതോടെ ബാംഗ്ലൂരിനെതിരെയുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് കണക്ക് തീർക്കാനും രാജസ്ഥാന് കഴിഞ്ഞു. ജയത്തോടെ പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.
Story Highlights: Sanju samson about parag