താൻ വിജയിയുടെ ആരാധകൻ; ‘ബീസ്റ്റിന്റെ’ ഹിന്ദി ട്രെയ്‌ലർ പങ്കുവെച്ച് കിംഗ് ഖാൻ പറഞ്ഞ വാക്കുകൾ

April 6, 2022

ലോകമെങ്ങുമുള്ള വിജയി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബീസ്റ്റ്.’ കഴിഞ്ഞ ദിവസമാണ് ‘ബീസ്റ്റിന്റെ’ ട്രെയ്‌ലർ റിലീസ് ചെയ്തത്. വമ്പൻ സ്വീകാര്യത നേടിയ ട്രെയ്‌ലർ മണിക്കൂറുകൾക്കുള്ളിലാണ് 20 മില്യൺ ആളുകൾ കണ്ടത്. കൊവിഡ് മഹാമാരിക്ക് ശേഷം തിയേറ്ററുകളെ വീണ്ടും ഇളക്കിമറിച്ച് വലിയ ഹിറ്റായ ‘ഡോക്ടർ’ എന്ന ചിത്രത്തിന്റെ സംവിധായകൻ നെൽസനാണ് ബീസ്റ്റും ഒരുക്കിയിരിക്കുന്നത്. ഇതിനാൽ തന്നെ ആരാധകർ ഇരട്ടി ആവേശത്തിലാണ്.

ഇപ്പോൾ ചിത്രത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് സാക്ഷാൽ ഷാരൂഖ് ഖാൻ. ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലർ പങ്കുവെച്ചു കൊണ്ടാണ് കിംഗ് ഖാൻ ബീസ്റ്റിനെയും നടൻ വിജയിയെയും പറ്റി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഡയറക്ടർ അറ്റ്ലീയെ പോലെ താനും വിജയിയുടെ കടുത്ത ആരാധകനാണെന്നും ബീസ്റ്റിന്റെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നുവെന്നുമാണ് ഷാരൂഖ് പറയുന്നത്. മികച്ച ട്രെയ്‌ലറാണ് ബീസ്റ്റിന്റേതെന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.

ഒരു ഷോപ്പിംഗ് മാൾ തീവ്രവാദികൾ പിടിച്ചെടുത്ത് ആളുകളെ മുഴുവൻ ബന്ദികളാക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബന്ദികളാക്കപ്പെടുന്ന ആളുകളിലൊരാളായ വിജയിയുടെ കഥാപാത്രം അവരുടെ രക്ഷകരായി മാറുന്നു. വീരരാഘവൻ എന്ന സ്പൈ ഏജന്റായാണ് വിജയി ചിത്രത്തിലെത്തുന്നത്.

Read More: ‘മിന്നൽ സഞ്ജു പറന്നു, കോലി പവലിയനിലേക്ക് മടങ്ങി’; വൈറലായി കോലിയെ പുറത്താക്കിയ സഞ്ജുവിന്റെ അമ്പരപ്പിക്കുന്ന റണ്ണൗട്ട് വിഡിയോ

പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ വിജയിയുടെ നായികയായി എത്തുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ ബീസ്റ്റ് സണ്‍ പിക്ചേഴ്സ് ആണ് നിര്‍മിച്ചിരിക്കുന്നത്. വിജയിയുടെ കരിയറിലെ 65-മത്തെ ചിത്രമായ ബീസ്റ്റിൽ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും അഭിനയിക്കുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Shahrukh Khan about vijay