‘കുറച്ച് അനുഗ്രഹം തരാമോ…’; പാട്ട് വേദിയെ പൊട്ടിച്ചിരിപ്പിച്ച് ശ്രീദേവും ജഡ്‌ജസും
അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. ടോപ് സിംഗർ വേദിയിലെ മിക്ക ഗായകർക്കും ആരാധകരേറെയാണ്. അത്തരത്തിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ കൊച്ചു ഗായകനാണ് ശ്രീദേവ്.
സംഗീത വേദിയിലെ കുഞ്ഞ് മിടുക്കനായ ശ്രീദേവിന്റെ പാട്ടിന് ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് അതിമനോഹരമായ ആലാപന മികവുള്ള ഗായകൻ കൂടിയാണ്.
പാട്ട് വേദിയിൽ ശ്രീദേവും ജഡ്ജസും തമ്മിലുള്ള കളി ചിരിയും തമാശകളും വേദിയെ കൂടുതൽ രസകരമാക്കാറുണ്ട്. ഇപ്പോൾ വേദിയുടെ കയ്യടി ഏറ്റുവാങ്ങിയ ഒരു ആലാപനത്തിന് ശേഷം ശ്രീദേവും വിധികർത്താക്കളും തമ്മിൽ പങ്കുവെച്ച തമാശകളാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്.
ജോർജ് കിത്തു സംവിധാനം ചെയ്‌ത് 1992 ൽ പുറത്തിറങ്ങിയ ‘ആധാരം’ എന്ന ചിത്രത്തിലെ ‘മഞ്ചാടി മണി കൊണ്ട്’ എന്ന ഗാനമാണ് ശ്രീദേവ് പാട്ട് വേദിയിൽ അതിമനോഹരമായി പാടിയത്. അതിന് ശേഷമാണ് ശ്രീദേവും ജഡ്‌ജസും തമ്മിൽ പ്രേക്ഷകരെ ചിരിപ്പിച്ച സംഭാഷണം നടന്നത്.
ഓരോ വിധികർത്താവിന്റെയും അഭിപ്രായം സ്വീകരിച്ച ശേഷം അവരുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹവും വാങ്ങുകയായിരുന്നു ശ്രീദേവ്. എം ജി ശ്രീകുമാറിന്റെ കൂടി അനുഗ്രഹം വേണം എന്ന് ശ്രീദേവ് പറഞ്ഞപ്പോൾ തന്റെ അനുഗ്രഹം ശ്രീദേവിന് എന്നുമുണ്ടാവുമെന്നാണ് എം ജി ശ്രീകുമാർ പറഞ്ഞത്. വേദിയുടെ മനസ്സ് നിറഞ്ഞ ഒരു നിമിഷം കൂടിയായി അത് മാറുകയായിരുന്നു.
Story Highlights: Sreedev funny conversation with judges