ഇനി രവിശങ്കറിന് പൂച്ചക്കുട്ടിയെ അയച്ചതാരെന്ന് അറിയാം; ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ രണ്ടാം ഭാഗം വരുന്നു
സിബി മലയിൽ സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. കോക്കർ ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ചിത്രത്തിന് രഞ്ജിത്ത് തിരക്കഥയെഴുതി. ഡെന്നിസിന്റെയും സുഹൃത്തായ രവിശങ്കറിന്റെയും ജീവിതത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി, മോഹൻലാൽ, മഞ്ജു വാര്യർ എന്നിങ്ങനെ വൻ താരനിരയിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസില്‍ ചിത്രത്തോടുള്ള പ്രിയം മാഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. അങ്ങനെയൊരു ക്ലൈമാക്സ് ആയിരുന്നു ചിത്രത്തിലുണ്ടായിരുന്നതും.
ഇപ്പോഴിതാ, സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് ‘സമ്മര്‍ ഇന്‍ ബത്‌ലേഹി’മിന്റെ നിര്‍മാതാവ് സിയാദ് കോക്കർ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.
മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്
1998 സെപ്തംബർ 4-ന് പുറത്തിറങ്ങിയ ഈ ചിത്രം നീലഗിരിയിലെ ചന്ദ്രഗിരി എന്ന സാങ്കൽപ്പിക ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഊട്ടിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
അതേസമയം, സിയാദ് കോക്കര്‍ നിര്‍മിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി ലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്ന കുറി എന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തുകയാണ്. കെ ആർ പ്രവീൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Story highlights- summer in bethlehem 2 announced