നെടുമാരന്റെ മാസ് പ്രകടനം, സൂര്യ ചിത്രത്തിൽ ആരും കാണാതെ പോയ ചില ഭാഗങ്ങൾ

April 26, 2022

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് സൂര്യ. താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് സിനിമ പ്രേമികളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ സൂര്യ നായകനായി എത്തിയ സുധ കൊങ്ങര ചിത്രം സുരരൈ പോട്രു എന്ന ചിത്രത്തിലെ ആരും കാണാതെ പോയ ചില ഭാഗങ്ങൾ പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ. പ്രേക്ഷകരിൽ മികച്ച സ്വീകാര്യത നേടിയ സിനിമയുടെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നതിനിടെയാണ് തമിഴ് പതിപ്പിലെ ഡിലീറ്റഡ് രംഗങ്ങൾ പുറത്തുവരുന്നത്. വിഡിയോയിൽ സൂര്യയുടെ മാസ് ആക്ഷൻ രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ബോളിവുഡിൽ ചിത്രം എത്തുമ്പോൾ സൂര്യ അവതരിപ്പിച്ച പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറാണ്. സുധ കൊങ്ങര തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ നിന്നും കൈയടി വാങ്ങിയിരുന്നു. കുറഞ്ഞ നിരക്കിൽ സാധാരണക്കാരായ ആളുകളെ വിമാനത്തിൽ യാത്ര ചെയ്യിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയ വ്യക്തി കൂടിയാണ് സൂര്യയുടെ നെടുമാരൻ.

Read also: മലയാളികൾ നെഞ്ചേറ്റിയ ‘ശ്രീവല്ലി’യും ‘മിഴിയകഴക് നിറയും രാധ’യും ഉൾപ്പെടെയുള്ള ഗാനങ്ങൾ സമ്മാനിച്ച കലാകാരൻ…

ഇരുതി സുട്രിലൂടെ ശ്രദ്ധേയമായ സംവിധായികയാണ് സുധ കൊങ്ങര. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് സിനിമ തമിഴിൽ നിർമിച്ചത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരുന്നതും. അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികാ വേഷത്തിൽ എത്തിയത്. മികച്ച അഭിനന്ദനങ്ങൾ താരത്തിന്റെ കഥാപാത്രത്തിനും ലഭിച്ചിരുന്നു. ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോൾ അപർണ അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രമായി രാധിക മധൻ ആണ് വേഷമിടുന്നത്. ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു.

Story highlights: Surya fight scenes