അപൂർവ റെക്കോർഡ് നേടി ഉമേഷ് യാദവ്; മറികടന്നത് രോഹിത്തിനെയും ക്രിസ് ഗെയ്‌ലിനെയും

April 2, 2022

മികച്ച ഫോമിലാണ് കൊൽക്കത്തയുടെ ഉമേഷ് യാദവ്. മൂന്ന് മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് പർപ്പിൾ ക്യാപ്പും സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെയും രണ്ടാം മത്സരത്തിൽ ആർസിബിക്കെതിരെയും 2 വിക്കറ്റുകൾ വീതം ഉമേഷ് പിഴുതിരുന്നു.എന്നാൽ ഇന്നലെ പഞ്ചാബിനെതിരെയുള്ള മത്സരത്തിലാണ് ഉമേഷിന്റെ തനി സ്വരൂപം പുറത്തു വന്നത്. നാലോവറിൽ വെറും 23 റൺസ് മാത്രം വഴങ്ങി 4 പഞ്ചാബ് ബാറ്റ്സ്മാന്മാരെയാണ് ഉമേഷ് പവലിയനിലേക്ക് മടക്കി അയച്ചത്.

ഇന്നലത്തെ മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ചും ഉമേഷ് തന്നെയായിരുന്നു. ഇതോടെ ഒരു റെക്കോർഡ് കൂടി ഉമേഷിന്റെ പേരിലായിരിക്കുകയാണ്. ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ തവണ പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളെന്ന റെക്കോര്‍ഡാണ് ഉമേഷ് നേടിയിരിക്കുന്നത്. പഞ്ചാബ് കിംഗ്‌സിനെതിരെ മാത്രം ആറ് പുരസ്‌കാരങ്ങലാണ് ഉമേഷ് നേടിയത്. യൂസഫ് പഠാന്‍, രോഹിത് ശര്‍മ, ക്രിസ് ഗെയ്ല്‍ എന്നിവരെയാണ് ഉമേഷ് ഈ റെക്കോർഡിൽ പിന്തള്ളിയത്. യൂസഫ് ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെതിരെ അഞ്ച് പ്ലയര്‍ ഓഫ് ദ മാച്ച് നേടിയപ്പോൾ രോഹിത് ശർമയും ക്രിസ് ഗെയ്‌ലും കൊല്‍ക്കത്തയ്ക്കിരെ അഞ്ചെണ്ണം വീതം നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് ഉമേഷ് കളിച്ചത്. പക്ഷെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ടീം ഉമേഷിനെ കളിപ്പിച്ചത്. ഈ സീസണിന്റെ തുടക്കത്തിൽ താരലേലത്തിൽ ഉമേഷിനെ ടീമിലെടുക്കാൻ ആർക്കും താല്പര്യമില്ലായിരുന്നു. പിന്നീടാണ് കൊൽക്കത്ത താരത്തെ ടീമിലെടുത്തത്. ഇപ്പോൾ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഉമേഷ് യാദവ് ഐപിഎല്ലിൽ കാഴ്‌ചവയ്ക്കുന്നത്.

Read More: സഞ്ജുവും രോഹിത്തും നേർക്കുനേർ; മുംബൈ-രാജസ്ഥാൻ മത്സരം ഇന്ന് മൂന്നരയ്ക്ക്

ഇന്നലെ രാത്രി 7.30 ക്ക് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 31 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന ആൻഡ്രൂ റസ്സലാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സ് 18.2 ഓവറില്‍ 137 ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 14.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Story Highlights: Umesh yadav gets a new record