‘ആക്ഷൻ പറഞ്ഞാൽ മോഹൻലാൽ ഒരു വിസ്മയമായി മാറും’; ‘ചക്രം’ സിനിമയിലെ മോഹൻലാലുമായുള്ള ഓർമ്മകൾ പങ്കുവെച്ച് വിദ്യ ബാലൻ
ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് മലയാളിയായ വിദ്യ ബാലൻ. ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിലൊരാൾ കൂടിയായ വിദ്യ ബാലനെ തേടി മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. കേരളത്തിലും വിദ്യ ബാലന് ആരാധകർ ഏറെയാണ്.
ബോളിവുഡ് ചിത്രങ്ങളാണ് വിദ്യയ്ക്ക് അംഗീകാരങ്ങളും പ്രശസ്തിയും നൽകിയതെങ്കിലും നടിയുടെ ആദ്യ ചിത്രം ഒരു മലയാള സിനിമയായിരുന്നു. ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തു വന്ന ‘ചക്രം’ ആയിരുന്നു വിദ്യ ബാലൻ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്ന ചിത്രം. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ട് ചിത്രം നടക്കാതെ വരുകയും ലോഹിതദാസ് പിന്നീട് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചിത്രം പുറത്തിറക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച മാത്രമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. വിദ്യ അതിന് ശേഷം ഹിന്ദിയിൽ തിരക്കുള്ള നടിയായി മാറുകയും ചെയ്തിരുന്നു.
ഇപ്പോൾ ‘ചക്രം’ സിനിമയിൽ അഭിനയിച്ചതിനെ പറ്റിയുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് വിദ്യ ബാലൻ. ആ സമയത്ത് മോഹൻലാലിൽ നിന്നും വിലപ്പെട്ട പാഠങ്ങളാണ് താൻ പഠിച്ചതെന്നാണ് വിദ്യ ബാലൻ പറയുന്നത്. ഷൂട്ടിങ്ങിനിടയിൽ സമയം കിട്ടിയാൽ പോലും മോഹൻലാൽ അത് തനിക്ക് വേണ്ടി ഉപയോഗിക്കില്ല എന്നാണ് വിദ്യ പറയുന്നത്. കിട്ടുന്ന സമയമത്രയും അദ്ദേഹം സെറ്റിലെ ആളുകളോടൊപ്പം ചെലവഴിക്കുമെന്നും ജോലിക്കാർ അടക്കമുള്ളവരെ അവരുടെ ജോലിയിൽ സഹായിക്കുമെന്നുമാണ് വിദ്യ ഓർത്തെടുക്കുന്നത്.
എന്നാൽ സംവിധായകൻ ആക്ഷൻ പറഞ്ഞാൽ മോഹൻലാൽ വിസ്മയമായി മാറുമെന്നും വിദ്യ പറയുന്നു. പലപ്പോഴും അദ്ദേഹം സെറ്റിലുളളപ്പോൾ തിരക്കഥ വായിക്കുകയോ ഡയലോഗ് പഠിക്കുകയോ ചെയ്യില്ലെന്നും സംവിധായകൻ ആക്ഷൻ പറയുമ്പോൾ സീനിൽ മാജിക് ഉണ്ടാക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലിയെന്നും വിദ്യ ബാലൻ കൂട്ടിച്ചേർത്തു.
‘നിങ്ങൾ ചെയ്യുന്ന പ്രവർത്തി നിങ്ങളെക്കാൾ വലുതാണ്’ എന്ന വിലപ്പെട്ട പാഠം താൻ മോഹൻലാലിൽ നിന്നുമാണ് പഠിച്ചതെന്നും വിദ്യ ബാലൻ ഓർത്തെടുക്കുന്നു.
Story Highlights: Vidya balan about mohanlal