“അൽഫോൻസ് പുത്രൻ പറഞ്ഞ കഥ ഒരുപാട് ഇഷ്ടപ്പെട്ടു; പക്ഷെ അത് മറ്റൊരാൾക്ക് വേണ്ടിയുള്ള സിനിമയായിരുന്നു”; രസകരമായ സംഭവം വെളിപ്പെടുത്തി നടൻ വിജയ്

April 11, 2022

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് വിജയ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാൾ കൂടിയാണ് വിജയ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രം ‘ബീസ്റ്റിനായി’ വലിയ കാത്തിരിപ്പിലാണ് ആരാധകർ. ഏപ്രിൽ 13 നാണ് ‘ബീസ്റ്റ്’ ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ പ്രൊമേഷന്റെ ഭാഗമായി നടൻ വിജയ് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ആരാധകർക്ക് കൗതുകമാവുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ അൽഫോൻസ് പുത്രൻ ഒരു കഥയുമായി തന്നെ സമീപിച്ച സംഭവമാണ് വിജയ് പങ്കുവെച്ചത്. തന്നെ കാണണമെന്ന് അൽഫോൻസ് ഒരിക്കൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും നേരിട്ട് കണ്ടപ്പോൾ ഒരു സിനിമയുടെ കഥ പറഞ്ഞുവെന്നുമാണ് വിജയ് പറഞ്ഞത്. കഥ തനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ അൽഫോൻസ് അത് വേറൊരാളെ മനസ്സിൽ കണ്ട് എഴുതിയതാണെന്നാണ് വിജയ് പറയുന്നത്.

തന്റെ മകൻ ജേസണ്‍ സഞ്ജയായിരുന്നു അൽഫോൻസിന്റെ മനസ്സിൽ ഉണ്ടായിരുന്നതെന്ന് വിജയ് കൂട്ടിച്ചേർത്തു. “അല്‍ഫോന്‍സ് ഒരിക്കല്‍ എന്നെ കാണണമെന്ന ആവശ്യവുമായി സമീപിച്ചു. ഞാന്‍ സമ്മതം മൂളി. നമുക്കുള്ള ഒരു നല്ല സിനിമയാണോ എന്ന് പറയാനാവില്ലല്ലോ. പക്ഷേ അത് എന്‍റെ മകനെ മനസ്സിൽ കണ്ടുള്ള കഥയാണെന്നാണ് വന്നപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത്. ഒരു നല്ല ആശയം ആയിരുന്നു അത്. അയല്‍വീട്ടിലെ പയ്യന്‍ എന്ന് തോന്നിപ്പിക്കുന്ന നായക കഥാപാത്രം. സഞ്ജയ് അത് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്കും ആഗ്രഹം തോന്നി.”

Read More: ‘ദളപതിയുടെ ബീസ്റ്റ് മോഡ്’; ബീസ്റ്റിലെ അടുത്ത ഗാനം പുറത്ത്..

എന്നാൽ സഞ്ജയ്ക്ക് അപ്പോൾ അഭിനയിക്കാൻ താൽപര്യം ഉണ്ടായിരുന്നില്ലെന്നും അൽഫോൻസ് സാറിനോട് രണ്ട് വർഷം കൂടി കഴിയട്ടെ എന്ന് മകൻ പറയാൻ പറഞ്ഞുവെന്നും വിജയ് കൂട്ടിച്ചേർത്തു. ‘ബീസ്റ്റിന്റെ’ സംവിധായകൻ നെൽസനോടൊപ്പമുള്ള ഒരു അഭിമുഖത്തിലാണ് വിജയ് രസകരമായ ഈ വെളിപ്പെടുത്തൽ നടത്തിയത്.

Story Highlights: Vijay about alphonse puthren movie