‘ദളപതിയുടെ ബീസ്റ്റ് മോഡ്’; ബീസ്റ്റിലെ അടുത്ത ഗാനം പുറത്ത്..

April 8, 2022

ആരാധകർ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ബീസ്റ്റ്.’ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ‘ബീസ്റ്റിന്റെ’ ട്രെയ്‌ലർ റിലീസ് ചെയ്തത്. വമ്പൻ സ്വീകാര്യത നേടിയ ട്രെയ്‌ലർ മണിക്കൂറുകൾക്കുള്ളിൽ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. കൊവിഡ് മഹാമാരിക്ക് ശേഷം തിയേറ്ററുകളെ വീണ്ടും ഇളക്കിമറിച്ച് വലിയ ഹിറ്റായ ‘ഡോക്ടർ’ എന്ന ചിത്രത്തിന്റെ സംവിധായകൻ നെൽസനാണ് ബീസ്റ്റും ഒരുക്കിയിരിക്കുന്നത്. ഇതിനാൽ തന്നെ ആരാധകർ ഇരട്ടി ആവേശത്തിലാണ്.

ഇപ്പോൾ ചിത്രത്തിലെ പുതിയ ലിറിക് വിഡിയോ പുറത്തു വന്നിരിക്കുകയാണ്. ‘ബീസ്റ്റ് മോഡ്’ എന്ന ഗാനത്തിന്റെ ലിറിക്ക് വിഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും സംഗീത സംവിധായകൻ തന്നെയാണ്. ചിത്രത്തിലെ പുറത്തിറങ്ങുന്ന മൂന്നാമത്തെ ഗാനമാണിത്.

ഒരു ഷോപ്പിംഗ് മാൾ തീവ്രവാദികൾ പിടിച്ചെടുത്ത് ആളുകളെ മുഴുവൻ ബന്ദികളാക്കുന്നതാണ് ചിത്രത്തിന്റെ കഥ. ബന്ദികളാക്കപ്പെടുന്ന ആളുകളിലൊരാളായ വിജയിയുടെ കഥാപാത്രം അവരുടെ രക്ഷകരായി മാറുന്നു. വീരരാഘവൻ എന്ന സ്പൈ ഏജന്റായാണ് വിജയി ചിത്രത്തിലെത്തുന്നത്.

നേരത്തെ ‘ബീസ്റ്റിന്’ ആശംസകൾ നേർന്ന് സൂപ്പർതാരം ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഡയറക്ടർ അറ്റ്ലീയെ പോലെ താനും വിജയിയുടെ കടുത്ത ആരാധകനാണെന്നും ബീസ്റ്റിന്റെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നുവെന്നുമാണ് ഷാരൂഖ് പറഞ്ഞത്. മികച്ച ട്രെയ്‌ലറാണ് ബീസ്റ്റിന്റേതെന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.

Read More: ഒടുവിൽ റോക്കി ഭായിയും പറഞ്ഞു ‘ചാമ്പിക്കോ’; കൊച്ചിയെ ഇളക്കി മറിച്ച് യാഷിന്റെ മമ്മൂക്ക ഡയലോഗ്

പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ വിജയിയുടെ നായികയായി എത്തുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ ബീസ്റ്റ് സണ്‍ പിക്ചേഴ്സ് ആണ് നിര്‍മിച്ചിരിക്കുന്നത്. വിജയിയുടെ കരിയറിലെ 65-മത്തെ ചിത്രമായ ബീസ്റ്റിൽ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും അഭിനയിക്കുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights: Beast new lyric video released