ഒടുവിൽ റോക്കി ഭായിയും പറഞ്ഞു ‘ചാമ്പിക്കോ’; കൊച്ചിയെ ഇളക്കി മറിച്ച് യാഷിന്റെ മമ്മൂക്ക ഡയലോഗ്

April 8, 2022

അപ്രതീക്ഷിതമായി വന്ന് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി മാറിയ കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗമാണ് കെജിഎഫ് 2. ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും മൊഴി മാറ്റി റിലീസ് ചെയ്ത ചിത്രം എല്ലാ സിനിമ ഇന്ഡസ്ട്രികളിലും വലിയ വിജയമായി മാറിയിരുന്നു. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 14 നാണ് ചിത്രം മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ ലോകമെങ്ങും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമേഷന്റെ ഭാഗമായി നടൻ യാഷ് കൊച്ചിയിലെത്തിയിരിക്കുകയാണ് ഇപ്പോൾ. ലുലു മാളിൽ നടന്ന പ്രൊമേഷന് വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പ്രൊമേഷന്റെ ഇടയിൽ യാഷ് പറഞ്ഞ ഒരു ഡയലോഗാണ് പ്രേക്ഷകരെ ആവേശം കൊള്ളിച്ചത്.

മോഹൻലാലിൻറെ ‘നീ പോ മോനെ ദിനേശാ’ എന്ന ഡയലോഗ് യാഷ് പറഞ്ഞപ്പോഴാണ് മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിലെ വലിയ ഹിറ്റായ ‘ചാമ്പിക്കോ’ എന്ന ഡയലോഗ് പറയാമോ എന്ന് യാഷിനോട് അവതാരകൻ ചോദിച്ചത്. യാഷ് ഡയലോഗ് പറഞ്ഞപ്പോൾ ആരാധകർ വലിയ ആവേശത്തിലാവുന്നതാണ് കണ്ടത്.

മോഹൻലാലും മമ്മൂട്ടിയും മഹാനടന്മാരാണെന്നും ഇരുവരുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും യാഷ് വേദിയിൽ പറഞ്ഞു. പൃഥ്വിരാജ്, ദുൽഖർ, ടൊവിനോ അടക്കമുള്ള മലയാളത്തിലെ യുവതാരങ്ങളുമായി തനിക്ക് സൗഹൃദമുണ്ടെന്നും യാഷ് കൂട്ടിച്ചേർത്തു.

Read More: ‘ജീവിതാവസാനം വരെ സംഗീതത്തോട് സത്യസന്ധത പുലർത്തുക’; സിബിഐ തീം മ്യൂസിക്കിന് ഈണമിട്ട സംഗീതജ്ഞൻ ശ്യാം ജേക്‌സ് ബിജോയിയോട് പറഞ്ഞത്

2018 ഡിസംബറിലാണ് കെജിഎഫിന്റെ ആദ്യ ഭാഗം പ്രേക്ഷകരിലേക്കെത്തിയത്. യാഷ് എന്ന ചലച്ചിത്ര താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയ ചിത്രം കൂടിയാണ് കെജിഎഫ്. കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് നീലാണ് കെജിഎഫിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീനിധി ഷെട്ടി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുമ്പോൾ ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് ആണ്.

Story Highlights: Yash says mammootty dialogue