ജോലിയുപേക്ഷിച്ച് സ്കിപ്പിങ്ങിന് ഇറങ്ങി, ഇപ്പോൾ നേടുന്നത് ലക്ഷങ്ങൾ വരുമാനം

April 28, 2022

സെയിൽസ് മാനേജരായി ജോലി നോക്കി വരുകയായിരുന്നു സെന്റ് ആൽബൻസിൽ നിന്നുള്ള 30 കാരിയായ ലോറൻ ഫ്ലൈമാൻ. കൊവിഡ് മഹാമാരിയെത്തുടർന്നുണ്ടായ ലോക്ക് ഡൗൺ ലോറൻ ഫ്ലൈമാന്റെ ജോലിയെ പ്രതികൂലമായി ബാധിച്ചു. ലോക്ക് ഡൗണിൽ ക്ളൈന്റസിനെ കാണാൻ പോകാൻ കഴിയാതെ വന്നതോടെ ജോലിയിൽ നിന്നുള്ള വരുമാനവും തീരെ ഇല്ലാതായി. ഈ സമയത്ത് പണം സമ്പാദിക്കാൻ ഇനി എന്ത് ചെയ്യും എന്ന ചിന്തയും ഉയർന്നുവന്നു.

എന്നാൽ ലോക്ക് ഡൗണിലെ വിരസത അകറ്റാൻ വീട്ടിൽ കഴിഞ്ഞിരുന്ന സമയത്ത് വ്യായാമത്തിനായി അവൾ കൂടുതൽ സമയം ചെലവഴിച്ചിരുന്നു. അതിൽ അവൾക്ക് ഏറ്റവും ഇഷ്ടപെട്ടത് സ്കിപ്പിംഗ് ആയിരുന്നു. സ്കിപ്പിംഗിൽ കൂടുതൽ പ്രാവീണ്യം നേടിയതോടെ അവൾ ഇതിന്റെ വിഡിയോകൾ ഓൺലൈനിൽ പങ്കുവയ്ക്കാൻ തുടങ്ങി. പിന്നീട് ഇതിന് വേണ്ടി കൂടുതൽ സമയവും അവൾ ചിലവഴിച്ചു. ഇതോടെ ഇതിൽ നിന്ന് വരുമാനവും ലഭിക്കാൻ തുടങ്ങി. അങ്ങനെ പുതിയ ജോലിയിൽ കൂടുതൽ പ്രാഗത്ഭ്യം ലഭിച്ചതോടെ പഴയ ജോലി പൂർണമായും ഒഴിവാക്കി ലോറൻ ഫ്ലൈമാൻ.

Read also: ഭിക്ഷാടനം നടത്തി സ്വരൂപിച്ച ഒരു ലക്ഷം രൂപ, ക്ഷേത്രത്തിൽ അന്നദാനം നടത്താൻ നൽകി ഒരമ്മ- പ്രചോദനം

ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ലോറന് ഒരു മില്ല്യണിലധികം ഫോളോവേഴ്‌സുണ്ട്. എന്നാൽ, സ്കിപ്പിംഗിനായി ആഴ്ചയിൽ ആറ് മണിക്കൂർ മാത്രമേ താൻ ചെലവഴിക്കുന്നുള്ളൂവെന്ന് അവൾ പറയുന്നു. ബാക്കി സമയം അവളുടെ ബ്രാൻഡിലും കൊറിയോഗ്രാഫിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും അവൾക്ക് കഴിയുന്നുണ്ട്. എന്നിട്ടും ഓരോ മാസവും അവൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ ആണ്. 

Story highlights: woman earns lakhs by jumping rope