വീട് നിറയെ പശുവിനെ ഓർമ്മിപ്പിക്കുന്ന വസ്തുക്കൾ; കൗതുകമായി റൂത്തിന്റെ ഗിന്നസ് റെക്കോർഡ്

April 13, 2022

വീട് നിറയെ പശുവിനെ ഓർമ്മിപ്പിക്കുന്ന വസ്തുക്കൾ കൊണ്ട് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ ഒരു സ്ത്രീയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ കൗതുകം നിറയ്ക്കുന്നത്. പലതരത്തിലുള്ള ഇഷ്ടങ്ങൾ ഉള്ള ആളുകളുണ്ട്, ചിലരൊക്കെ ആ ഇഷ്ടങ്ങൾ സൂചിപ്പിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട വസ്തുക്കൾ സൂക്ഷിച്ച് വയ്ക്കാറുണ്ട്. അത്തരത്തിൽ വളർത്തുമൃഗങ്ങളോടുള്ള ഇഷ്ടം മൂലം തന്റെ ഇഷ്ടമൃഗത്തിന്റെ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട വസ്തുക്കളുമൊക്കെ സൂക്ഷിക്കുന്ന ഒരു സ്ത്രീയാണ് റൂത്ത് ക്ലോസ്‍നെര്‍.

റൂത്ത് ക്ലോസ്‍നെറോട് ഈ ലോകത്ത് ഏറ്റവും ഇഷ്ടം എന്തിനോടാണ് എന്ന് ചോദിച്ചാൽ അവർ പറയുക പശുക്കളോട് എന്നാവും. കാരണം അവരുടെ മുറിയിലും വീട്ടിലുമായി ഏകദേശം 19,827 വസ്തുക്കളാണ് പശുവിനെ അനുസ്മരിപ്പിക്കുന്നതായി ഉള്ളത്. ചെറിയ രൂപങ്ങൾ, പശുക്കളുടെ ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ, കളിപ്പാട്ടങ്ങൾ, പ്രതിമകൾ, തലയിണകൾ, വസ്ത്രങ്ങൾ, ചെസ്സ് സെറ്റ് തുടങ്ങി ആ വീടിനകത്ത് നിറയെ പശുവിനെ അനുസരിപ്പിക്കുന്ന വസ്തുക്കളാൽ നിറഞ്ഞിരിക്കുകയാണ്.

അതേസമയം പശുസ്നേഹികളായ ആളുകൾക്ക് സന്ദർശിക്കാനായി റൂത്ത് ഇപ്പോൾ തന്റെ വീട് തുറന്ന് കൊടുക്കാറുണ്ട്. ‘കൗ കളക്ടേഴ്സ് മ്യൂസിയം’ എന്നാണ് ഈ വീട് ഇപ്പോൾ അറിയപ്പെടുന്നത്. റൂത്തിന്റെ കാറിലെ ലൈസന്‍സ് പ്ലേറ്റില്‍ പോലും ‘കൗ ലേഡി’ എന്നാണ് എഴുതിയിരിക്കുന്നത് എന്നതും ഏറെ കൗതുകം നിറയ്ക്കുന്നതാണ്. അതേസമയം പശുക്കളോട് തനിക്ക് വലിയ സ്നേഹം ആണെന്നും അതാണ് എന്റെ ലോകമെന്നും പറയുന്നുണ്ട് റൂത്ത്.

Read also: ഒരു ചെടിയിൽ 1,269 തക്കാളി, ലോകറെക്കോർഡ് നേടിയ കൃഷിക്കാരൻ പറയുന്നു…

അതേസമയം പശുക്കളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങൾ കളക്റ്റ് ചെയ്തതിനെത്തുടർന്ന് നേരത്തെയും റൂത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015 ൽ ഇതിന്റെ പേരിൽ അവർക്ക് റെക്കോർഡ് ലഭിച്ചിരുന്നു. അതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് റൂത്ത് ക്ലോസ്‍നെറിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുന്നത്.

Story highlights: Woman gets Guinness record For Having Cow-related Items In Her Home