കരിയറിലെ 1000-ാമത്തെ മാരത്തൺ പൂർത്തിയാക്കാനൊരുങ്ങി ഒരു വനിത- ഇതുവരെ താണ്ടിയത് 42000 കിലോമീറ്റർ
ദീർഘദൂര ഓട്ടങ്ങളെയാണ് മാരത്തൺ എന്ന് പറയുന്നത്. ഒരു റോഡ് റേസ് ആയും നടന്നുമെല്ലാം മാരത്തൺ പൂർത്തിയാക്കാം. ഒരാൾക്ക് ദീർഘവും പ്രസിദ്ധവുമായ കരിയർ വേണമെങ്കിൽ അത്യധികം ഫിറ്റ്നസ് ആവശ്യമുള്ള ഒരു കായിക ഇനമാണ് മാരത്തൺ എന്ന് പറയാം. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ 1000-ാമത്തെ മാരത്തൺ ഓട്ടം ഓടാൻ ഒരുങ്ങിയിരിക്കുകയാണ് ടെക്സാസിൽ നിന്നുള്ള ഒരു സ്ത്രീ. കരിയറിലെ 1000-ാമത്തെ മാരത്തൺ പൂർത്തിയാക്കുമ്പോൾ ഇവർ പിന്നിടുന്നത് 42,000ലധികം കിലോമീറ്ററുകൾ ആണ്.
കരിയറിൽ 999 മാരത്തണുകൾ ഓടിയ ഡാലസിലെ ആഞ്ചല ടോർട്ടോറിസ് ഒരു വർഷം കൊണ്ട് 129 മാരത്തണുകൾ പൂർത്തിയാക്കിയാണ് 2013ൽ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. എല്ലാ യുഎസ് സംസ്ഥാനങ്ങളിലും അവൾ കുറഞ്ഞത് അഞ്ച് മാരത്തണുകളെങ്കിലും ഓടിയിട്ടുണ്ട്. ‘എന്റെ അവധിക്കാലം മാരത്തണിനായി ഉപയോഗിക്കുന്നു ‘- ആഞ്ചല പറയുന്നു.
ടെക്സാസിലെ ഇർവിംഗ് മാരത്തണിൽ ആഞ്ചല തന്റെ 1000-ാം മാരത്തണിൽ മത്സരിക്കും. ഓട്ടം പൂർത്തിയാക്കിയാൽ ഈ നേട്ടം കൈവരിക്കുന്ന യുഎസിലെ ആദ്യ വനിതയായി അവർ മാറും.
Read Also: മണിക്കൂറുകൾക്കുള്ളിൽ 20 മില്യണടിച്ച് ബീസ്റ്റ് ട്രെയ്ലർ; മാസും ആക്ഷനും നിറച്ച് വിജയ് ചിത്രം
ആഞ്ചലയുടെ കഥ ഓടുന്നത് മാത്രമല്ല. മൾട്ടിപ്പിൾ സ്ക്ലിറോസിസിനെക്കുറിച്ചുള്ള ഗവേഷണത്തിനായി മാരത്തണുകളിലൂടെ തുക സമാഹരിക്കുകയും ചെയ്യുന്നുണ്ട്. ഭർത്താവിന് മൾട്ടിപ്പിൾ സ്ക്ലിറോസിസ് ഉണ്ടെന്ന് കണ്ടെത്തിയ സമയത്തായിരുന്നു അത്. അങ്ങനെ ആരോഗ്യത്തിന് ഗുണം ചെയ്യാൻ എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ച സമയത്താണ് ആഞ്ചല മാരത്തൺ ഓട്ടത്തിലേക്ക് എത്തിയത്. പ്രയാസകരമായ സമയങ്ങളെ നേരിടാൻ ഇത് സഹായിക്കുന്നുവെന്ന് ആഞ്ചല പറയുന്നു. എന്തായാലും ആയിരം മാരത്തണുകൾ പൂർത്തിയാക്കി കഴിഞ്ഞാൽ കരിയർ അവസാനിപ്പിക്കാൻ പദ്ധതിയിയില്ലെന്നാണ് ആഞ്ചല പറയുന്നത്.
Story highlights- woman is set to run the 1000th marathon of her career