മണിക്കൂറുകൾക്കുള്ളിൽ 20 മില്യണടിച്ച് ബീസ്റ്റ് ട്രെയ്‌ലർ; മാസും ആക്ഷനും നിറച്ച് വിജയ് ചിത്രം

April 3, 2022

തമിഴകത്തിന്റെ പ്രിയതാരം വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്തു സോങ് റിലീസ് ചെയ്തത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ആസ്വാദകമനം കവർന്ന ഗാനം, തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. തെന്നിന്ത്യയിൽ തരംഗമായ റൗഡി ബേബിയ്ക്ക് ശേഷം തമിഴകത്തിന്റെ ഹൃദയം കവർന്ന മറ്റൊരു ഗാനമാണിത്. പിന്നീട് ചിത്രത്തിലേതായി പുറത്തുവന്ന രണ്ടാമത്തെ ഗാനവും ആരാധകർ നെഞ്ചേറ്റി. അനിരുദ്ധിന്റെ സം​ഗീതത്തിൽ വിജയ് പാടിയ ​ഗാനത്തിന് ശേഷം ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ പ്രേക്ഷക ഹൃദയം നിറച്ചുകൊണ്ട് പുറത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ.

മാസും ആക്ഷനും നിറച്ച ട്രെയ്‌ലർ റിലീസ് ചെയ്ത്‌ മണിക്കൂറുകൾ പിന്നിടുമ്പോൾ 20 മില്യണിലധികം കാഴ്ച്ചക്കാരെ നേടിയിരിക്കുകയാണ് ട്രെയ്‌ലർ.വിജയ് നായകനായ ‘ബീസ്റ്റ്’ എന്ന ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മാണം. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് ബീസ്റ്റിലെ വിജയിയുടെ കഥാപാത്രം. 

അതേസമയം തിയേറ്റർ റിലീസായാണ് ചിത്രം എത്തുക. വിജയ്-യുടെ കരിയറിലെ 65-മത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read also: കച്ചാ ബദാമിന് ശേഷം ഹിറ്റായി മുന്തിരി പാട്ട്; മണിക്കൂറുകൾക്കൊണ്ട് 25 ലക്ഷം കാഴ്ചക്കാർ, വിഡിയോ

ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ മറ്റൊരു ചിത്രവും വിജയ് പ്രഖ്യാപിച്ചിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നിർമ്മിക്കുന്ന തന്റെ അടുത്ത ചിത്രത്തിൽ വംശി പൈഡിപ്പള്ളിയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത താരത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ.

Story highlights: Beast official trailer 20 million viewers